ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട തന്‍റെ ഹരജിയിൽ അടിയന്തരവാദം കേൾക്കണമെന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായ നവാബ് മാലിക്കിന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നവാബ് മാലിക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജയിലിൽ കഴിയുന്ന മാലിക്കിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് സിബലിനോട് ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2005ലാണ് നിലവിൽ വന്നത്. 2000ന് മുമ്പ് നടന്ന കാര്യങ്ങളിലാണ് മന്ത്രിക്കെതിരെ കുറ്റമാരോപിക്കുന്നതെന്ന് സിബൽ പറഞ്ഞു.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഹവാല പണമിടപാട് കേസിൽ ഫെബ്രുവരി 23നാണ് ഇ.ഡി മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കൾ തുച്ഛ വിലക്ക് മാലിക് വാങ്ങിയെന്നും ദാവൂദിന്‍റെ സഹോദരി ഹസീന പാർക്കറുമായി ഭൂമി ഇടപാട് നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.