ന്യൂഡൽഹി: ഇസ്ലാമിലെ യഥാർഥ വിവാഹ മോചന രീതികളിലൊന്നായ ത്വലാഖ് (ത്വലാഖെ ഹസൻ) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അടിയന്തിരമായി കേൾക്കാമെന്ന് സുപ്രീംകോടതി. അഡ്വ. അശ്വനി കുമാർ ദുബെ മുഖേന ബേനസീർ ഹിന എന്ന മാധ്യമപ്രവർത്തക സമർപ്പിച്ച പൊതു താൽപര്യ ഹരജി നാല് ദിവസത്തിനകം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി.
അഡ്വ. പിങ്കി ആനന്ദ് ആണ് തിങ്കളാഴ്ച ഹരജി ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇസ്ലാമിക പ്രമാണങ്ങളിലില്ലാത്ത ഒറ്റയിരിപ്പിൽ മൂന്ന് മൊഴിയും ഒരുമിച്ചുചൊല്ലുന്ന മുത്തലാഖ് നിരോധിച്ചതിന് പിന്നാലെയാണ് ചുരുങ്ങിയത് ഓരോ മാസത്തെ ഇടവേള വെച്ച് മൂന്ന് തവണകളായി ചൊല്ലുന്ന ത്വലാഖും നിരോധിക്കണമെന്ന ഹരജി വന്നിരിക്കുന്നത്.
ഓരോ മാസത്തെ ഇടവേളയിൽ മൂന്ന് പ്രാവശ്യമായി ത്വലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദനങ്ങളുടെ ലംഘനവുമായതിനാൽ നിരോധിക്കണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം.
ആദ്യ ത്വലാഖ് ഏപ്രിൽ19ന് സ്പീഡ് പോസ്റ്റായി അയച്ച ഭർത്താവ് തുടർന്ന് അടുത്ത രണ്ട് മാസങ്ങളിലായി രണ്ട് ത്വലാഖും അയച്ചു എന്ന് ഹരജിക്കാരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.