ന്യൂഡൽഹി: ജാമ്യം കിട്ടി എട്ടുവർഷത്തിനുശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി അനുവദിച്ചു. സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 10 വരെ മൂന്നുമാസത്തോളം കർണാടക പൊലീസിന്റെ നിരീക്ഷണത്തിൽ മഅ്ദനിക്ക് കേരളത്തിൽ കഴിയാമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേരളത്തിലേക്കുള്ള യാത്രാചെലവിനുപുറമെ തന്റെ നിരീക്ഷണത്തിനുവരുന്ന കർണാടക പൊലീസിന്റെ ചെലവും മഅ്ദനി വഹിക്കണം. ബംഗളൂരു സ്ഫോടനക്കേസിന്റെ അന്തിമ വിധി പ്രസ്താവനക്കായി അതിനിടക്ക് മഅ്ദനിയെ ഹാജരാക്കേണ്ടതുണ്ടെങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിക്കാൻ സുപ്രീംകോടതി കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു.
കർണാടക സർക്കാറിന്റെ കടുത്ത എതിർപ്പുകളും പല വ്യാജ ആരോപണങ്ങളും തള്ളിയാണ് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മുഖേന സമർപ്പിച്ച മഅ്ദനിയുടെ അപേക്ഷ ബെഞ്ച് അംഗീകരിച്ചത്. വിചാരണ കഴിഞ്ഞതിനാലും ചികിത്സക്കും പിതാവിനെ കാണാനുമാണ് കേരളത്തിലേക്ക് പോകാൻ മഅ്ദനി അനുവാദം തേടിയത്. മഅ്ദനിയുടെ മകൻ അഡ്വ. സ്വലാഹുദ്ദീൻ അയ്യൂബിയും ഡൽഹിയിലെത്തിയിരുന്നു. എട്ടുവർഷം മുമ്പ് ജാമ്യം അനുവദിച്ചപ്പോൾ സുപ്രീംകോടതി തന്നെ മുന്നോട്ടുവെച്ച ബംഗളൂരു വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയിൽ ഇതിനായി ഇളവ് വരുത്തുകയായിരുന്നു. മഅ്ദനിയുടെ ചെലവിൽ നിരീക്ഷണത്തിനായി കർണാടക പൊലീസിനോട് അകമ്പടി പോകാൻ ജസ്റ്റിസ് രസ്തോഗി നിർദേശിച്ചപ്പോൾ കൂടുതൽ പേരെ അയക്കരുതെന്ന് മഅ്ദനിക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. ആദ്യം രണ്ടാഴ്ചയും പിന്നീട് നാലാഴ്ചയും കേരളത്തിൽ കഴിയാൻ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കുന്നത് അവധി കഴിഞ്ഞ് മതിയെന്ന് കർണാടക സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ എങ്കിൽ അതുവരെ മഅ്ദനി കേരളത്തിൽ കഴിയട്ടെ എന്ന് നിലപാടെടുത്തു.
കേസ് വിചാരണ പൂർത്തിയായി അന്തിമവാദത്തിലാണെന്നും അന്തിമ വിധിക്കായി മഅ്ദനിയെ ബംഗളൂരുവിലേക്ക് കൊണ്ടുവരേണ്ടിവരുമെന്നും കർണാടക അഭിഭാഷകൻ വാദിച്ചു.
അത്തരമൊരു ആവശ്യം വന്നാൽ സുപ്രീംകോടതിക്ക് അപേക്ഷ നൽകിയാൽ മതിയെന്ന് ജസ്റ്റിസ് അജയ് രസ്തോഗി കർണാടകയോട് നിർദേശിച്ചു. എന്തിനാണ് പ്രത്യേക അപേക്ഷ നൽകുന്നതെന്ന കർണാടകയുടെ ചോദ്യത്തിന്, അപേക്ഷ നൽകിയാൽ മതിയെന്ന് ജസ്റ്റിസ് രസ്തോഗി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.