ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക അവകാശാധികാരങ്ങൾ നൽകിയ ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടികളെ പിന്തുണച്ച സുപ്രീംകോടതി അതിനായി കൈക്കൊണ്ട വഞ്ചനാത്മകമായ രീതിയെ അതിരൂക്ഷമായി വിമർശിച്ചു.
‘ജമ്മു-കശ്മീർ ഭരണഘടനസഭ’ എന്നാൽ ‘ജമ്മു-കശ്മീർ നിയമസഭ’ എന്നും ‘ജമ്മു-കശ്മീർ സർക്കാർ’ എന്നത് ഗവർണറുമാണെന്ന് വ്യാഖ്യാനിച്ച് രാഷ്ട്രപതി പുറപ്പെടുവിച്ച 272ാം ഭരണഘടന ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധിച്ചു.
370ാം അനുഛേദം റദ്ദാക്കാൻ ഭരണഘടനാപരമായ വഴിയുള്ളപ്പോൾ അതിനായി ഭരണഘടനയുടെ 367ാം അനുഛേദത്തിൽ മാറ്റംവരുത്തുന്ന തരത്തിൽ ഭരണഘടനാ ഉത്തരവ് കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.
പ്രത്യേക സന്ദർഭങ്ങളിൽ ഭരണഘടന വ്യാഖ്യാനിക്കാൻ 367ാം അനുഛേദം രാഷ്ട്രപതിക്ക് നൽകുന്ന വിശേഷാധികാരമാണ് കേന്ദ്ര സർക്കാർ ഉപയോഗിച്ചത്. ഇത് നിയമവിരുദ്ധമാണ്.
അത്തരം വഞ്ചനാത്മകമായ രീതിയിൽ ഭരണഘടന ഭേദഗതി ചെയ്യുന്നത് അപകടകരമാണെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി. ഭരണഘടനയുടെ 367ാം അനുഛേദം ഉപയോഗിച്ച് 370ാം അനുഛേദം ഭേദഗതി ചെയ്ത ഈ പിൻവാതിൽ നടപടി അനുവദനീയമല്ല.
അതേസമയം, 370ാം അനുഛേദം റദ്ദാക്കാൻ ജമ്മു-കശ്മീർ ഭരണഘടനാസഭയുടെ ശിപാർശ ആവശ്യമില്ലെന്ന് സുപ്രീംകോടതി നിലപാട് എടുത്തതിനാൽ ഈ ഭരണഘടന ഉത്തരവ് നിയമവിരുദ്ധമാക്കിയത് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിധിയെ ഒരു നിലക്കും ബാധിക്കുന്നില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
നാഗ്പുർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിധി ശരിവെച്ച സുപ്രീംകോടതി വിധി ആർ.എസ്.എസ് സ്വാഗതംചെയ്തു. ദേശീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആർ.എസ്.എസ് അഖിൽ ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു. പ്രത്യേക പദവി നൽകിയതിനെ ആർ.എസ്.എസ് എന്നും എതിർത്തിരുന്നു. ഇതിനെതിരെ നിരവധി പ്രമേയങ്ങൾ പാസാക്കി. ഈ വിഷയത്തിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങളിലും പങ്കാളികളായിരുന്നു. 370ാം വകുപ്പ് കാരണം വർഷങ്ങളായി അനീതിക്ക് ഇരയായ ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് അവസാനം സ്വാതന്ത്ര്യം ലഭിച്ചുവെന്ന് സമൂഹ മാധ്യമമായ ‘എക്സിൽ’ അംബേക്കർ കുറിച്ചു.
ന്യൂഡൽഹി: പാക് അധീന കശ്മീർ എന്നു വീണ്ടെടുക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ്. ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുകയും സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും വേണമെന്ന് പാർട്ടിയുടെ ലോക്സഭ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.
പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
370ാം വകുപ്പ് താൽക്കാലിക നടപടിയാണെന്നാണ് കോൺഗ്രസിന്റെ മുമ്പേയുള്ള കാഴ്ച്പ്പാട്. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പാക് അധീന കശ്മീർ വീണ്ടെടുക്കുമെന്നാണ് മന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. അതുകൊണ്ടുതന്നെ എന്നു വീണ്ടെടുക്കുമെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹി: കോടതി വിധി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സ്വാഗതം ചെയ്തു. എന്നാൽ, പാക് അധീന കശ്മീരിന്റെ വിമോചനമാണ് ഇതുവരെ പൂർത്തിയാകാത്ത അജണ്ടയെന്ന് വി.എച്ച്.പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. ശക്തമായ ഇന്ത്യയും നിശ്ചയദാർഢ്യമുള്ള സർക്കാറുമുണ്ടെങ്കിൽ പാക് അധീന കശ്മീരിനെ ഉടൻ മോചിപ്പിക്കാം. സുപ്രീംകോടതി വിധി ഡോ. ശ്യാമപ്രസാദ് മുഖർജിക്കുള്ള രാഷ്ട്രത്തിന്റെ ആദരവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.