ന്യൂഡൽഹി: 64 പൊതുതാൽപര്യ ഹരജി സമർപ്പിച്ച സന്നദ്ധ സംഘടനയുടെ ചെയർപേഴ്സന് സുപ്രീംകോടതി 25 ലക്ഷം പിഴയിട്ടു. പിഴയടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസിനെ പ്രതിയാക്കി കോടതിയലക്ഷ്യ കേസ് ഉൾപ്പെടെ നിരവധി പൊതുതാൽപര്യ ഹരജികൾ നൽകിയ ‘സുരാസ് ഇന്ത്യ ട്രസ്റ്റ്’ എന്ന സന്നദ്ധ സംഘടനയുടെ ചെയർപേഴ്സൻ രാജീവ് ദെയ്യക്കെതിരെയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കടുത്തഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. ഹരജിക്കാരൻ കോടതിയുടെ സമയം വെറുതെ കളയുകയാണെന്നും കോടതി നിരീക്ഷിച്ചു.
ഹരജിക്കാരൻ എന്തിനാണ് ഇത്തരം അസംബന്ധങ്ങൾ ചെയ്യുന്നതെന്ന് കോടതിക്ക് മനസ്സിലാവുന്നില്ല. ആദ്യം കോടതിയുടെ ഉത്തരവ് അനുസരിക്കുക. മാപ്പപേക്ഷ സ്വീകരിച്ചിരിക്കുന്നു. എന്നാൽ, പിഴയടച്ചേ മതിയാവു. അല്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
നിരന്തരം ഹരജികൾ നൽകുകവഴി കോടതിയെ ശല്യപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മേയ് ഒന്നിന് കോടതി രാജീവ് ദെയ്യക്ക് 25 ലക്ഷം രൂപ പിഴയിട്ടിരുന്നു. ഇതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദെയ്യ വീണ്ടും കോടതിയെ സമീപിക്കുകയും ഹരജിയുടെ കോപ്പി രാഷ്ട്രപതിക്ക് നൽകുകയും ചെയ്തിരുന്നു.
കൂടാതെ, കേസ് നടത്തുന്നതിനായി ഒരു അഭിഭാഷകനെയോ അമിക്കസ്ക്യൂറിയെയോ നിയമിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇൗ ഹരജി തള്ളിയാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.