ന്യൂഡൽഹി: രാജ്യത്തെ ആരാധനാലയങ്ങൾ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമം റദ്ദാക്കാൻ സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി പ്രത്യേക ബെഞ്ച് ഈ മാസം 12ന് വാദം കേൾക്കും.
ആരാധനാലയ നിയമം ലംഘിച്ച് കോടതികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി മുസ്ലിം പള്ളികൾ പരിശോധിക്കാൻ ഉത്തരവിറക്കുന്നതിനിടയിലാണ് ഹരജികളിൽ വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വൈകീട്ട് 3.30നാണ് കേസ് കേൾക്കുക.
‘ഒരു ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതിനെ മാത്രമേ നിയമം തടയുന്നുള്ളൂവെന്നും അതിന്റെ മുൻ സ്വഭാവം എന്തായിരുന്നുവെന്ന് പരിശോധിക്കുന്നത് ആരെയും തടയുന്നില്ല’ എന്നും ചീഫ് ജസ്റ്റിസായിരുന്നപ്പോൾ ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ നിരീക്ഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കുന്നത്.
വാരാണസി ഗ്യാൻവാപി മസ്ജിദ് കേസിലായിരുന്നു ഇത്. സംഭൽ ശാഹി ജമാ മസ്ജിദ് കേസിൽ നടപടികൾ തടഞ്ഞ് വിഷയം അലഹബാദ് ഹൈകോടതിയിലേക്ക് വിടുകയാണ് ചീഫ് ജസ്റ്റിസ് സഞ്ചജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചെയ്തത്. ഉടമസ്ഥാവകാശമുന്നയിച്ച് ആരാധനാലയങ്ങൾ തർക്കസ്ഥലങ്ങളാകാതിരിക്കാനും അതിലൂടെ രാജ്യത്തെ സാമുദായിക സൗഹാർദം തകരാതിരിക്കാനുമാണ് 1991ൽ പാർലമെന്റ് നിയമം പാസാക്കിയത്. എന്നാൽ, ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തശേഷം മഥുര ശാഹി ഈദ്ഗാഹ്, വാരാണസി ഗ്യാൻവാപി മസ്ജിദ്, സംഭൽ ശാഹി ജമാ മസ്ജിദ്, അജ്മീർ ദർഗാ ശരീഫ് തുടങ്ങി ഒരു ഡസനോളം മുസ്ലിം ആരാധനാലയങ്ങൾക്കും മതകേന്ദ്രങ്ങൾക്കും മേൽ അവകാശവാദമുന്നയിക്കാൻ ആരാധനാലയ നിയമം വിഘാതമാണെന്ന് കണ്ടതിനെതുടർന്നാണ് ഹിന്ദുത്വവാദികൾ നിയമം റദ്ദാക്കാൻ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി നിയമം റദ്ദാക്കാൻ ബി.ജെ.പി പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.
ബി.ജെ.പി നേതാവും ഹിന്ദുത്വ കേസുകളിലെ സ്ഥിരം വ്യവഹാരിയുമായ അശ്വിനി കുമാർ ഉപാധ്യായയുടേതാണ് ആദ്യ ഹരജി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, വിശ്വഭദ്ര പൂജാരി എന്നിവരും ഇതേ ആവശ്യവുമായി സുപ്രീംകോടതിയിലെത്തിയിരുന്നു. എന്നാൽ, സുപ്രീംകോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നരേന്ദ്ര മോദി സർക്കാർ ഹരജികളിൽ മറുപടി നൽകാനോ എതിർ സത്യവാങ്മൂലം സമർപ്പിക്കാനോ തയാറായിട്ടില്ല. ഏറ്റവുമൊടുവിൽ 2023 ഒക്ടോബർ 31നകം എതിർസത്യവാങ്മൂലം നൽകാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ച് കാലാകാലങ്ങളായി ഉയർന്നുവരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് നിരോധിക്കണം. ഈ നിയമ പ്രകാരം രാജ്യത്തെ മുഴുവൻ ആരാധനാലയങ്ങളുടെയും ഉടമസ്ഥാവകാശ തർക്കത്തിൽ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി നിലനിർത്തണം. എന്നാൽ, ഈ നിയമം പ്രാബല്യത്തിലായ 1991 ജൂലൈ 11നും 1947 ആഗസ്റ്റ് 15നുമിടയിൽ വിവിധ ആരാധനാലയ തർക്കങ്ങളിൽ ഉണ്ടാക്കിയ തീർപ്പുകളെ നിയമം ബാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.