ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെയുള്ള ഹരജികളിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നോട്ടീസ്. അസ്താനയുടെ നിയമനം ചോദ്യം ചെയ്ത് രണ്ട് ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്. ഇതിലൊന്ന് എൻ.ജി.ഒ നൽകിയ പൊതുതാൽപര്യ ഹരജിയായിരുന്നു. അസ്താനയുടെ നിയമനവുമായി ബന്ധപ്പെട്ട് ഹരജി തള്ളിയ ഡൽഹി ഹൈകോടതി വിധിക്കെതിരായ സ്പെഷ്യൽ ലീവ് പെറ്റീഷനായിരുന്നു സുപ്രീംകോടതിക്ക് മുന്നിലെത്തിയ മറ്റൊരു ഹരജി.
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിക്കാരനായി ഹാജരായ പ്രശാന്ത് ഭൂഷൺ എത്രയും പെട്ടെന്ന് ഹരജിയിൽ തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി അസ്താനക്ക് വേണ്ടിയും കോടതിയിലെത്തി. കേസിൽ രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
1984 ബാച്ച് ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ ജൂലൈ 27നാണ് ഡൽഹി പൊലീസ് കമ്മീഷണറായി നിയമിച്ചത്. വിരമിക്കാൻ നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നിയമനം. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതുതാൽപര്യം മുൻനിർത്തി അസ്താനയുടെ കാലാവധി ഒരു വർഷം നീട്ടി നൽകി. അസ്താനക്ക് കാലാവധി നീട്ടിനൽകിയത് സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.