ന്യൂഡൽഹി: മുസ്ലിം ഭാര്യക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ സ്വന്തം നിലക്കും കോടതിയുടെ ഇടപെടൽ ഇല്ലാതെയും വിവാഹ മോചനം നേടാമെന്ന കേരള ഹൈകോടതി വിധിക്കെതിരെ കേരള മുസ്ലിം ജമാഅത്ത് സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ഇത് 2021ലെ കേസാണെന്നും ഈ വിധിക്കാധാരമായ ഹരജി നൽകിയ കക്ഷി ഇതിനകം പുനർ വിവാഹം ചെയ്തിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചത്.
ഇസ്ലാമിക ശരീഅത്തിലെ സ്ത്രീകളുടെ വിവാഹമോചന രീതിയായ ‘ഖുൽഅ്’ സംബന്ധിച്ച ഹൈകോടതി വ്യാഖ്യാനം ഇസ്ലാമിക വിരുദ്ധമാണെന്നും ഈ വിഷയത്തിലുള്ള സുപ്രീംകോടതിയുടെയും കേരള, മദ്രാസ് ഹൈകോടതികളുടെയും വിധിന്യായങ്ങൾക്ക് എതിരാണെന്നും മുസ്ലിം ജമാഅത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ബോധിപ്പിച്ചു.
ഖുൽഅ് സ്ത്രീകൾക്കുള്ള അവകാശമായി ഇസ്ലാം അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ, മതം നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കാതെ ആ രീതി ഉപയോഗിച്ചാൽ സാമൂഹികവും മതപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കാമത്ത് ചൂണ്ടിക്കാട്ടി. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ബാബു കറുകപ്പാടത്ത്, നിഷെ രാജൻ ശങ്കർ, ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് മുശ്താഖ് നൂറാനി എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.