ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെ ത്രിപുരയില്‍ നടന്ന വംശീയ ആക്രമണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യത്തിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ്. ബൊപ്പണ്ണയും ഉൾപ്പെട്ട ബെഞ്ച് ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം.
അഭിഭാഷകർ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട സുപ്രീംകോടതി അഭിഭാഷകൻ ഇത്തിഷാം ഹാഷ്മിക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണാണ് സുപ്രീംകോടതിയിൽ ഹാജരായത്. സമീപകാലത്തെ അക്രമങ്ങളും പൊലീസിെൻറ നിഷ്ക്രിയത്വവും സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്.
ത്രിപുരയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്. പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്നും അക്രമികൾക്ക് സഹായകരമായി പെരുമാറിയെന്നുമുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയ അഭിഭാഷകർെക്കതിരേ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥിതിഗതികൾ അറിയാമായിരുന്നിട്ടും അതിനനുസൃതമായി അവർ നടപടി എടുത്തില്ല.
5000ത്തിലധികം വരുന്ന ജനക്കൂട്ടം അക്രമത്തിൽ പങ്കെടുത്തിരുന്നു. നടക്കാൻപോകുന്ന കലാപത്തെപറ്റി പൊലീസിന് വ്യക്തമായി അറിയാമായിരുന്നെങ്കിലും മുൻകരുതൽ നടപടി എടുത്തില്ല എന്നുതുടങ്ങി പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒട്ടേറെ കാര്യങ്ങൾ വസ്തുതാന്വേഷണസംഘം പുറത്തുകൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.