സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി: സനാതന ധർമത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. സനാതനധർമം പിന്തുടരുന്ന വ്യക്തിയെന്ന നിലയിൽ തന്‍റെ വികാരത്തെ മന്ത്രിയുടെ പരാമർശം വ്രണപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. സനാതന ധർമത്തെ എതിർക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യണമെന്ന് മുൻനിർത്ത് പരിപാടി സംഘടിപ്പിച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. "എതിർക്കാനല്ലാതെ പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊതുക്, മലേറിയ, കൊറോണ, ഡെങ്കി തുടങ്ങിയവയെ നമുക്ക് എതിർക്കാൻ സാധിക്കില്ല. അവയെ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. സനാതനവും അത്തരത്തിലൊന്നാണ്. എതിർക്കുന്നതല്ല സനാതനം നിർമാർജനം ചെയ്യുന്നതായിരിക്കണം നമ്മുടെ പ്രഥമ പരിഗണന" - ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

അതേസമയം സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്നും ധർമത്തെ കൊതുക്, കൊറോണ, മലേറിയ പോലുള്ളവയോട് ഉപമിക്കുകയും ഇത്തരം കാര്യങ്ങൾ നമുക്ക് എതിർക്കാൻ പറ്റില്ല പകരം നിർമാർജനം ചെയ്യണമെന്നും പറഞ്ഞ ഉദയനിധി സ്റ്റാലിന്‍റെ വാക്കുകൾ ഹിന്ദുധർമ പിന്തുണക്കാരുടെ വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് പരാതിക്കാരൻ ആരോപിച്ചു.

"സനാതന ധർമത്തിനെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾ പ്രകോപനപരവും അപകീർത്തികരവുമാണ്. ഒരു ഹിന്ദുവും സനാതനധർമം പിന്തുടരുന്ന വ്യക്തിയും ആയിരിക്കെ സനാതനധർമത്തെ തുടച്ചുനീക്കണമെന്നും, ധർമത്തെ കൊതുകിനോടും, മലേറിയ, കൊറോണ തുടങ്ങിവയോടുമൊക്കെ ഉപമിച്ചും മന്ത്രി നടത്തിയ പരാമർശങ്ങൾ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. മന്ത്രിയുടെ വാക്കുകളിൽ നിന്നും അദ്ദേഹത്തിന് സനാതനധർമത്തോടുള്ള വെറുപ്പ് പ്രകടമാണ്. രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് വന്ന എം.എൽ.എയും മന്ത്രിയുമാണ് അദ്ദേഹം. എല്ലാ മതങ്ങളേയും വിഭാഗങ്ങളേയും പ്രദേശങ്ങളേയും ബഹുമാനിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നിട്ടും അദ്ദേഹം സനാതനധർമത്തിനെതിരെ നടത്തിയ പരാമർശങ്ങൾ വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്" - അഭിഭാഷകൻ പറഞ്ഞു.

മന്ത്രിയുടെ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ,ബി, 295എ, 298, 505 വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Supreme court lawyer filed complaint against Udayanidhi stalin over hsi remark against Sanatan Dharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.