ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വാദം തുടങ്ങി. മുത്തലാഖ്, ചടങ്ങുകല്യാണം (നിക്കാഹ് ഹലാല) എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളിൽ വാദം കേൾക്കുമെന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. മുത്തലാഖ്, നിക്കാഹ് ഹലാല എന്നീ വിഷയങ്ങളിൽ നിയമസാധുത പരിശോധിക്കുക മാത്രമാണ് ചെയ്യുക. അതേസമയം, മുത്തലാഖ് ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ബഹുഭാര്യത്വ വിഷയം പരിഗണിക്കില്ലെന്നും പരമോന്നത കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, യു.യു. ലളിത്, രോഹിങ്ടൺ നരിമാൻ, അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ഉത്തർപ്രദേശ് സ്വദേശി ഷയറ ബാനു സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. വിവിധ ഹരജികളിൽ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി, അഭിഭാഷകരായ ബാലാജി ശ്രീനിവാസൻ, മുകേഷ് ജെയിൻ, മൃദുല റായ് ഭരദ്വാജ്, ഇജാസ് മഖ്ബൂൽ, വജീഹ് ഷഫീഖ് എന്നിവരാണ് കക്ഷികൾക്കായി ഹാജരാകുന്നത്.
മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്ന ബഹുഭാര്യത്വം ഭരണഘടനവിരുദ്ധമാണോ? ഒരു മുസ്ലിം ഭാര്യയുടെയോ കോടതിയുടെയോ അനുമതിയില്ലാതെ ഒരേയിരുപ്പിൽ മൂന്ന് മൊഴി ചൊല്ലുന്നത് ഭരണഘടനവിരുദ്ധമാണോ? ഒരു മുസ്ലിം ഒന്നിലേറെ ഭാര്യമാരെ നിലനിർത്തുന്നത് ക്രൂരമായ പ്രവൃത്തിയാണോ? എന്നീ ചോദ്യങ്ങളാണ് മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹത്തിെൻറ പേരിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ആദ്യ കേസിലുള്ളത്. തുടർന്ന് വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ പേരിൽ, ത്വലാഖ് നിരോധനമാവശ്യപ്പെട്ട് ഏതാനും ഹരജികളും വന്നു.
മുത്തലാഖ്, ബഹുഭാര്യത്വം എന്നിവ നിയമവിരുദ്ധമാക്കാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ ചടങ്ങു കല്യാണം (നിക്കാഹ് ഹലാല) നിരോധിക്കണമെന്ന നിലപാടും കൈക്കൊണ്ടു. സമത്വം, ലിംഗനീതി എന്നിവക്കെതിരാണ് മുത്തലാഖും ബഹുഭാര്യത്വവും നിക്കാഹ് ഹലാലയുമെന്നും അതിനാൽ, അവക്കുള്ള നിയമസാധുത പുനഃപരിശോധിക്കണമെന്നുമാണ് കേന്ദ്രനിലപാട്.
എന്നാൽ, ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇൗ വിഷയം തീർപ്പാക്കേണ്ടത് ഇസ്ലാമിക പണ്ഡിതരാണെന്നും സുപ്രീംകോടതിയല്ലെന്നുമുള്ള നിലപാടാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് കൈക്കൊണ്ടത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലൂടെ പുനഃപരിശോധനക്ക് വെച്ചിരിക്കുന്നത് മതവിശ്വാസികളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അവ ചോദ്യംചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് ബോർഡ് ബോധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.