തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യം; പുതിയ ഹരജിയിൽ കേന്ദ്രത്തിനും കമീഷനും സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദ്ധാനം ചെയ്യുന്നതിനെതിരായ പുതിയ ഹരജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും പ്രതികരണം തേടി. ബംഗളൂരു സ്വദേശിയായ ശശാങ്ക് ജെ.ശ്രീധര നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സമിതിക്ക് നിർദേശം നൽകണമെന്നും അഭിഭാഷകനായ ശ്രീനിവാസൻ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  സൗജന്യങ്ങളുടെ അനിയന്ത്രിതമായ വാഗ്ദാനങ്ങൾ പൊതു ഖജനാവിനുമേൽ കണക്കില്ലാത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നു. കൂടാതെ, വോട്ടുകൾ ഉറപ്പാക്കിക്കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പു വരുത്താൻ ഒരു സംവിധാനവുമില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിലെ സമാനമായ മറ്റ് ഹരജികളിലേക്ക് സുപ്രീംകോടതി ഈ ഹരജിയും ചേർത്തു. തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ കീഴ്‌വഴക്കത്തിനെതിരായ ഹരജികൾ പരിഗണിക്കാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. പൊതുതാൽപര്യ ഹരജിക്കാരനായ അശ്വിനി ഉപാധ്യായക്കുവേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ വിഷയം അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനാ ലംഘനമായതിനാൽ വോട്ടർമാരിൽനിന്ന് അനാവശ്യ രാഷ്ട്രീയപ്രീതി നേടുന്നതിനുള്ള ജനകീയ നടപടികൾ പൂർണമായും നിരോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഉപാധ്യായയുടെ അപേക്ഷയിൽ പറയുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് പൊതുഫണ്ടിൽനിന്ന് യുക്തിരഹിതമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

വോട്ടിൽ കണ്ണുവെച്ച് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമീപകാല പ്രവണത ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണിയാണെന്നു മാത്രമല്ല, ഭരണഘടനയുടെ ആത്മാവിനെ വ്രണപ്പെടുത്തുന്നുവെന്നും പറയുന്നു. അധികാരത്തിൽ തുടരാൻ ഖജനാവി​ന്‍റെ ചെലവിൽ വോട്ടർമാർക്ക് കൈക്കൂലി നൽകുന്നത് പോലെയാണ് ഈ അനാശാസ്യ സമ്പ്രദായം. ജനാധിപത്യ തത്വങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കാൻ ഇത് ഒഴിവാക്കണമെന്നും ഹരജിയിൽ പറയുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് പൊതു ഫണ്ടിൽനിന്ന് പൊതു ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതല്ലാത്ത സ്വകാര്യ ചരക്കുകളുടെയോ സേവനങ്ങളുടെയോ വാഗ്ദാനമോ വിതരണമോ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉൾപ്പെടെയുള്ള നിരവധി അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹരജിക്കാരൻ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Supreme Court notice to Centre and EC on fresh plea against freebies during elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.