ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഹൈകോടതി വിധിക്ക് സ്റ്റേയില്ല. ഈ ഘട്ടത്തിൽ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കാൻ ഇടപെടുന്നില്ലെന്നും എന്നാൽ, ഉത്തരവിൽ ഹൈകോടതി വ്യാഖ്യാനിച്ച രീതിക്ക് പരിശോധന ആവശ്യമായിവരുമെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി അവധിക്കാല ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
യു.എ.പി.എ വ്യാഖ്യാനിക്കുന്നതിൽ രാജ്യത്തൊട്ടാകെ പ്രാധാന്യമർഹിക്കുന്ന നിരവധി ചോദ്യങ്ങളാണ് ൈഹകോടതി വിധിന്യായം ഉയർത്തിയിരിക്കുന്നത്. അതിനാൽ ഈ ഉത്തരവ് മറ്റു കേസുകളിൽ ഒരു കീഴ്വഴക്കമായി തൽക്കാലം പരിഗണിക്കേണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. വിശദീകരണം ആവശ്യപ്പെട്ട് വിദ്യാർഥികൾക്ക് കോടതി നോട്ടീസ് അയച്ചു.
ജാമിഅ വിദ്യാർഥിയും എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തൻഹ, ജെ.എൻ.യു വിദ്യാർഥികളും പിഞ്ച്റ തോഡ് പ്രവർത്തകരുമായ നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവർക്കാണ് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചത്.
വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. അതീവ ഗൗരവമുള്ള വിഷയമാണിത്. അമേരിക്കൻ പ്രസിഡന്റ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴാണ് സംഘർഷം നടന്നത്. ഈ സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്.
യു.എ.പി.എ ചുമത്തിയ കേസിലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയ ഡൽഹി ഹൈകോടതി വിധി പുറപ്പെടുവിച്ചത്. ഹൈകോടതിയുടെ നടപടി കേസിനെ ബാധിക്കും. അടിയന്തരമായി വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. വിദ്യാർഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് മൂന്നുപേരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ മറ്റു കേസുകളിൽ ജാമ്യം കിട്ടിയെങ്കിലും യു.എ.പി.എ കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജൂൺ 15നാണ് മൂന്നുപേർക്കും ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടിയത്.
എന്നാൽ, വിദ്യാർഥി നേതാക്കളെ ജയിൽ മോചിതരാക്കാതെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയാണ് ഡൽഹി പൊലീസ് ചെയ്തത്. പൊലീസ് നടപടിക്കെതിരെ വീണ്ടും ഹൈകോടതിയെ വിദ്യാർഥികൾ സമീപിച്ചു. തുടർന്ന് അടിയന്തരമായി വിദ്യാർഥി നേതാക്കളെ മോചിപ്പിക്കണമെന്ന് ഹൈകോടതി ഉത്തരവിടുകയായിരുന്നു.
ജയിലിട്ട് പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് ജയിൽ മോചിതരായ പൗരത്വ പ്രക്ഷോഭകർ പറഞ്ഞു. സർക്കാറിന്റെ ഇത്തരം നീക്കങ്ങളിൽ പേടിയില്ലാത്തവരാണ് ഞങ്ങൾ. സർക്കാറിന്റെ പരിഭ്രാന്തിയാണ് യഥാർഥത്തിൽ വെളിവായതെന്നും ആസിഫ് ഇഖ്ബാൽ തൻഹ, നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർ ചൂണ്ടിക്കാട്ടി.
വിദ്യാർഥി നേതാക്കൾക്കെതിരെ ആരോപിക്കപ്പെട്ട യു.എ.പി.എ കുറ്റങ്ങളൊന്നും കുറ്റപത്രത്തിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതിശയോക്തി കലർത്തി പെരുപ്പിച്ച് വലിച്ചു നീട്ടിയതാണ് ഡൽഹി പൊലീസിന്റെ കുറ്റപത്രമെന്നാണ് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞത്.
കുറ്റപത്രത്തിൽ പറയുന്ന ആരോപണങ്ങളെല്ലാം സി.എ.എ വിരുദ്ധ സമരരീതി എന്ന നിലക്ക് മാത്രമേ കാണാനാവൂ. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യഗ്രതക്കിടയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നതായി നതാഷയുടെ ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ മനോഗതി തുടർന്നാൽ ജനാധിപത്യം അപകടപ്പെടുമെന്ന് കോടതി ഓർമിപ്പിച്ചു.
തീവ്രവികാരമുയുർത്തുന്ന മുദ്രാവാക്യങ്ങൾ, സ്ത്രീകളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കൽ, റോഡ് ഉപരോധ സമരം തുടങ്ങിയവയാണ് വിദ്യാർഥി നേതാക്കൾ ചെയ്ത കുറ്റങ്ങളായി െപാലീസ് പറയുന്നത്. എന്നാൽ, ഇൗ ആരോപണങ്ങളൊന്നും തന്നെ കുറ്റപത്രങ്ങൾ പരിശോധിച്ചപ്പോൾ കാണാനായില്ല. വിഷയം സങ്കീർണമാക്കി ജാമ്യം നൽകുന്നതിന് ഭരണകൂടം വിലങ്ങ് തടിയാവാൻ പാടില്ലെന്ന് നതാഷയുടേയും ദേവാംഗന കലിതയുടേയും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ഒരാൾ നൽകിയ സിം കാർഡ് ഗൂഢാലോചന കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് നൽകുകയും അയാൾ ഈ സിം കാർഡ് ഉപയോഗിച്ച് വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയക്കുകയും ചെയ്തു എന്ന കുറ്റമല്ലാതെ മറ്റൊന്നും തന്നെ ആസിഫിനെതിരെ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.