പുരുഷൻമാർക്ക് ആർത്തവമുണ്ടായാൽ മാത്രമേ സ്ത്രീകളുടെ വിഷമങ്ങൾ മനസിലാകൂ; വനിത ജഡ്ജിയെ പിരിച്ചുവിട്ടതിൽ സുപ്രീംകോടതി

ന്യൂഡൽഹി: കേസുകൾ തീർപ്പാക്കുന്നതിൽ താമസം വന്നതിന്റെ പേരിൽ വനിത സിവിൽ ജഡ്ജിയെ പിരിച്ചുവിട്ട മധ്യ​പ്രദേശ് ഹൈകോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഗർഭഛിദ്രത്തെ തുടർന്ന് അവർ അനുഭവിക്കുന്ന ശാരീരിക-മാനസിക പ്രശ്നങ്ങൾ കോടതി അവഗണിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പുരുഷൻമാർക്ക് ആർത്തവമുണ്ടായാൽ മാത്രമേ അവർക്ക് കാര്യം മനസിലാവുകയുള്ളൂവെന്ന് പിരിച്ചുവിട്ട ആറ് വനിത സിവിൽ ജഡ്ജിമാരുടെ സുവോ​മോട്ടോ ഹരജി പരിഗണിക്കവെ സുപ്രീംകോടതി ജസ്റ്റിസ് ബി.വി. നാഗരത്ന രൂക്ഷമായി വിമർശിച്ചു. പിരിച്ചുവിട്ട നാലു വനിത ജഡ്ജിമാരെ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സെപ്റ്റംബറിൽ തിരിച്ചെടുത്തിരുന്നു.

കേസ് തള്ളിയിരിക്കുന്നു നിങ്ങൾ വീട്ടിലേക്ക് പോകൂ എന്ന് പറയാൻ എളുപ്പമാണ്. ഈ വിഷയം ദീർഘമായി കേൾക്കുകയാണെങ്കിൽ, ഞങ്ങൾ മന്ദഗതിയിലാണെന്ന് അഭിഭാഷകർക്ക് പറയാമോ? പ്രത്യേകിച്ച് സ്ത്രീകൾ, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവർ കേസുകൾ തീർപ്പാക്കുന്നതിൽ മന്ദഗതിയിലാണെന്ന് പറഞ്ഞ് പിരിച്ചുവിടരുത്.- ജസ്റ്റിസ് നാഗരത്‌ന നിർദേശിച്ചു.

2018ലും 2017ലും മധ്യപ്രദേശ് ജുഡീഷ്യൽ സർവീസിൽ ചേർന്ന സിവിൽ ജഡ്ജിമാരായ അദിതി കുമാർ ശർമ, സരിത ചൗധരി എന്നിവരുടെ പരാതികളാണ് സുപ്രീംകോടതി പരിഗണിച്ചത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് ഇവർക്കെതിരായ പിരിച്ചുവിടൽ ഉത്തരവുകൾ റദ്ദാക്കാൻ വിസമ്മതിച്ചു. രണ്ട് ഉദ്യോഗസ്ഥരെയും 2023 ൽ പിരിച്ചുവിട്ടു. അദിതിയുടെ പ്രകടനത്തിന്റെ ഓരോവർഷത്തെയും റേറ്റിങ് മധ്യപ്രദേശ് ഹൈകോടതി അഭിഭാഷകൻ അർജുൻ ഗാർഗ് സമർപ്പിച്ച രേഖകളിലുണ്ട്.

2019ൽ വളരെ നല്ലതായിരുന്ന അവരുടെ പ്രകടനം 2022 ആയപ്പോഴേക്കും മോശമായി. അവർക്ക് 1500 കേസുകൾ പോലും തീർപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. 2021ൽ തനിക്ക് ഗർഭഛിദ്രമുണ്ടായെന്നും സഹോദരന് അർബുദം സ്ഥിരീകരിച്ചതായും അദിതി ഹൈകോടതിയെ അറിയിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷ ജഡ്ജിമാർക്കും ഒരേ മാനദണ്ഡം വേണമെന്നും നാഗരത്ന ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് ആണ് അദിതിക്ക് ​വേണ്ടി ഹാജരായത്.

Tags:    
News Summary - Supreme Court on firing women judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.