ന്യൂഡൽഹി: ഒാട്ടിസം, അന്ധത, ബധിരത തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികൾക്കുവേണ്ടി പ്രത്യേക വിദ്യാലയങ്ങൾ സ്ഥാപിക്കുകയും അവിടെ വിദഗ്ധ പരിശീലനം നേടിയ അധ്യാപകരെ നിയമിക്കുകയും ചെയ്യണമെന്ന് സുപ്രീംകോടതി. ഏെതങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളോ മാനസിക വെല്ലുവിളികളോ ഉള്ള കുട്ടികൾ മുഖ്യധാരാ സ്കൂളുകളിൽ സാധാരണ വിദ്യാർഥികൾക്കൊപ്പം ഇരുന്ന് പഠിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. നിലവിൽ ഇത്തരം വിദ്യാലയങ്ങൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ആവശ്യത്തിന് പ്രത്യേക വിദ്യാലയങ്ങളും വിദഗ്ധ അധ്യപകരും ഇല്ലാത്തത് സംബന്ധിച്ച് രജ്നീഷ് കുമാർ പാണ്ഡെ നൽകിയ ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരും ഹരജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നു. കോടതി ചൂണ്ടിക്കാട്ടിയ ഭരണഘടനപരമായ ബാധ്യത എപ്പോൾ നിറവേറ്റുമെന്നത് സംബന്ധിച്ച തങ്ങളുടെ നിരീക്ഷണം ഉൾപ്പെടുന്ന സത്യവാങ്മൂലം നാലാഴ്ചക്കകം സമർപ്പിക്കാൻ യു.പി സർക്കാറിനോട് ആവശ്യപ്പെട്ടു.
അതേസമയം, പുതിയ സമഗ്ര വിദ്യാഭ്യാസപദ്ധതിപ്രകാരം, ഭിന്നശേഷിയുള്ള വിദ്യാർഥികളെ മറ്റു കുട്ടികൾക്കൊപ്പം പഠിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കേസ് നവംബർ 27ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.