ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 1991ൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ ബോംബാക്രമണത്തിൽ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആറു പ്രതികളെ സുപ്രീംകോടതി മോചിപ്പിച്ചു. ഭരണഘടനയുടെ 142ാം അനുഛേദം പരമോന്നത കോടതിക്ക് നൽകുന്ന വിശേഷാധികാരം പ്രയോഗിച്ച് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് 31 വർഷങ്ങൾക്ക് ശേഷം നളിനി, മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ, റോബർട്ട് പയസ്, രവിചന്ദ്രൻ രാജ, ജയകുമാർ എന്നിവരെയാണ് മോചിപ്പിച്ചത്. രാജീവ് ഘാതകരുടെ മോചന ഉത്തരവിൽ കോൺഗ്രസ് പ്രതിഷേധിച്ചു.
കേസിലെ ഏഴാം പ്രതിയായ പേരറിവാളനെ ഇതേ അധികാരമുപയോഗിച്ച് കഴിഞ്ഞ് മേയിൽ സുപ്രീംകോടതി മോചിപ്പിച്ചിരുന്നു. പേരറിവാളന്റെ മോചനകാര്യത്തിൽ തമിഴ്നാട് മന്ത്രിസഭയുടെ ശിപാർശയിൽ തുടർനടപടി എടുക്കാത്ത ഗവർണറെ സുപ്രീംകോടതി അന്ന് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പേരറിവാളനെ മോചിപ്പിച്ചുള്ള സുപ്രീംകോടതി വിധി ബാക്കി ആറ് പേർക്കും ബാധകമാണെന്ന് ബെഞ്ച് വ്യക്തമാക്കി. തമിഴ്നാട് സർക്കാർ എല്ലാ പ്രതികളെയും വിട്ടയക്കാൻ ശിപാർശ ചെയ്തുവെന്നും എന്നാൽ, ആ ശിപാർശയിന്മേൽ ഗവർണർ തുടർ നടപടി എടുത്തില്ലെന്നും സുപ്രീംകോടതി തുടർന്നു.
കുറ്റവാളികൾ ജയിലിൽ തൃപ്തികരമായ പെരുമാറ്റം കാഴ്ചവെച്ചുവെന്നും ബിരുദങ്ങൾ നേടിയെന്നും രചനകൾ നടത്തിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കഴിഞ്ഞ പ്രതികളുടെ പെരുമാറ്റം തൃപ്തികരമായിരുന്നു. ജയിലിൽ നല്ല സ്വഭാവക്കാരനായിരുന്ന റോബർട്ട് പയസിനെ നിരവധി രോഗങ്ങൾ അലട്ടുന്നുണ്ട്. ജയിലിൽനിന്ന് പഠിച്ച് നിരവധി ബിരുദങ്ങളും പയസ് നേടി. ജയ്കുമാറും നല്ല സ്വഭാവക്കാരനും പഠിക്കുന്നവനുമായിരുന്നു. നിരവധി രോഗങ്ങളുള്ള സുതേന്തിര രാജ ജയിലിലിരുന്ന് നിരവധി ലേഖനങ്ങളെഴുതുകയും അവയിൽ പലതും അവാർഡിനർഹമാകുകയും ചെയ്തു.
രവിചന്ദ്രനും നല്ല പെരുമാറ്റക്കാരനായി വിവിധ പഠനങ്ങളിലേർപ്പെട്ടു. 30 വർഷത്തിലേറെ കാരാഗൃഹത്തിലടക്കപ്പെട്ട സ്ത്രീയായ നളിനിയും പഠനത്തിൽ വ്യാപൃതയായി. അവരുടെ സ്വഭാവവും തൃപ്തികരമായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെയും ഗോപാൽ ശങ്കരനാരായണനുമാണ് പ്രതികളുടെ മോചനത്തിനായി വാദിച്ചത്.
എന്നാൽ, സുപ്രീംകോടതി നടപടിയിൽ പ്രതിഷേധിച്ച കോൺഗ്രസ് ഇല്ലാത്ത അധികാരമുപയോഗിച്ചാണ് ഇത് ചെയ്തതെന്നും പ്രധാനമന്ത്രിയുടെ ഘാതകരെ മോചിപ്പിക്കാൻ ഭരണഘടനയുടെ 142ാം അനുഛേദമുപയോഗിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും വിമർശിച്ചു. പ്രതികളുടെ മോചന കാര്യത്തിൽ സോണിയ ഗാന്ധിയുടെ നിലപാടല്ല പാർട്ടിക്കെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.