ന്യൂഡൽഹി: താജ്മഹലിലെ പള്ളിയിൽ ആഗ്രക്കാർ മാത്രം ജുമുഅ നമസ്കാരം നിർവഹിച്ചാൽ മതിയെന്നും ആഗ്രക്ക് പുറത്തുള്ളവർ നിർവഹിക്കേണ്ടെന്നും സുപ്രീംകോടതി.
എന്തിനാണ് നമസ്കാരത്തിനായി താജ്മഹൽ പള്ളിയിൽ പോകുന്നതെന്നും നമസ്കാരത്തിന് മറ്റു പള്ളികളുള്ളതിനാൽ അവിടെ നമസ്കരിക്കാമല്ലോ എന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.
ആഗ്രക്കാർ അല്ലാത്തവർക്ക് താജ്മഹൽ പള്ളിയിൽ നമസ്കരിക്കാൻ ഏർപ്പെടുത്തിയ വിലക്ക് ചോദ്യംചെയ്ത് താജ്മഹൽ പള്ളി പരിപാലന കമ്മിറ്റി സമർപ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി ഇടപെടൽ. വെള്ളിയാഴ്ചകളിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത താജ്മഹൽ പള്ളിയിൽ സ്വാതന്ത്ര്യത്തിനുശേഷം നാളിതുവരെ അനുവദിച്ച് വരുന്ന സ്വാതന്ത്ര്യമാണ് സുരക്ഷയുടെ പേരിൽ ജനുവരി 24ന് തടഞ്ഞ് ആഗ്ര അഡീഷനൽ ജില്ല മജിസ്ട്രേറ്റ് കെ.പി. സിങ് ഉത്തരവിറക്കിയത്.
ആഗ്രക്കാരാണെന്ന് തെളിയിക്കാൻ തിരിച്ചറിയൽ രേഖയുമായി വേണം ജുമുഅക്ക് വരാനെന്നും അഡീഷനൽ ജില്ല മജിസ്ട്രേറ്റിെൻറ ഉത്തരവിൽ വ്യക്തമാക്കി. ജുമുഅക്കെന്ന പേരിൽ ബംഗ്ലാദേശികളടക്കം വിദേശികൾ എത്തുന്നുവെന്നും അത് സുരക്ഷിതത്വത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ചിലർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇതിനെതിരെ താജ്മഹൽ പള്ളി പരിപാലന കമ്മിറ്റി പ്രസിഡൻറ് സയ്യിദ് ഇബ്രാഹിം ഹുസൈൻ സൈദിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.