തെരഞ്ഞെടുപ്പ് ബോണ്ട്; പോരായ്മകൾ പരിഹരിച്ചേ തീരൂ- സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ടിലെ ഗുരുതരമായ പോരായ്മകൾ പരിഹരിച്ചേ മതിയാകൂ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ബോണ്ട് നടപ്പാക്കുമ്പോൾ അഞ്ച് കാര്യങ്ങൾ കണക്കിലെടുക്കണമെന്ന് നിർദേശിച്ച സുപ്രീംകോടതി അവ അക്കമിട്ട് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന പണമായി മാത്രം നൽകുന്ന പഴയ രീതിയിലേക്ക് പോകണമെന്ന് സുപ്രീംകോടതി ആഗ്രഹിക്കുന്നില്ലെന്നും ഭരണഘടനാ ബെഞ്ച് കൂട്ടിച്ചേർത്തു. ഒരു പാർട്ടിക്ക് സംഭാവന നൽകുന്നവർ ആരെന്ന് അറിയാനുള്ള വോട്ടറുടെ അവകാശമാണോ സംഭാവനക്കാരുടെ പേര് രഹസ്യമാക്കണമെന്ന കേ​ന്ദ്ര നിലപാടാണോ വലുത് എന്ന തർക്കത്തിൽ വാദം പൂർത്തിയാക്കി തെരഞ്ഞെടുപ്പ് ബോണ്ട് കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റി.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന പണമായി മാത്രം നൽകുന്ന പഴയ രീതിയിലേക്ക് പോകണമെന്ന് സുപ്രീംകോടതി ആഗ്രഹിക്കുന്നില്ലെന്ന് വാദം കേൾക്കലിന്റെ അവസാന ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് ബോണ്ട് സുതാര്യവും വിവിധ പാർട്ടികൾക്കിടയിൽ ആനുപാതികമായ വിതരണം ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിലായിരിക്കണം. അതിനാവശ്യമായ വ്യവസ്ഥ കേന്ദ്ര സർക്കാറിന് കൊണ്ടുവരാവുന്നതേയുള്ളൂ. അത്തരെമാരു വ്യവസ്ഥ വെച്ചാൽ നിഴൽ കമ്പനികൾ സംഭാവന നൽകുന്ന സാഹചര്യമുണ്ടാവില്ല. നിഴൽ കമ്പനികളുടെ പ്രവർത്തനം തടയാൻ ആദായ നികുതി നിയമത്തിൽ ഇത്തരത്തിലുള്ള നിരവധി മാനദണ്ഡങ്ങളുണ്ടാക്കിയിട്ടുണ്ട്. ആ തരത്തിൽ മൂലധനം, വിറ്റുവരവ് തുടങ്ങിയ മാനദണ്ഡങ്ങൾ തെരഞ്ഞെടുപ്പ് ബോണ്ടിനും വെച്ച് ഒരു പ്രയാസവുമില്ലാതെ നടപ്പാക്കാനും നിഴൽ കമ്പനികളെ തടയാനും കേ​ന്ദ്ര സർക്കാറിന് കഴിയുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ അഞ്ച് പരിഗണനാവിഷയങ്ങളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഈ അഞ്ച് പരിഗണനാവിഷയങ്ങൾ തെരഞ്ഞെടുപ്പ് ബോണ്ട് നടപ്പാക്കുമ്പോൾ കണക്കിലെടുക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. അവയിൽ ആദ്യ മൂന്നെണ്ണം സർക്കാർ അംഗീകരിച്ചതും അവസാന രണ്ടെണ്ണം സർക്കാർ അംഗീകരിക്കാത്തതുമാണ്.

ഈ പരിഗണനാ വിഷയങ്ങളിൽ ഒരു സന്തുലനമുണ്ടാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അത് ചെയ്യേണ്ടത് സർക്കാറും പാർലമെന്റുമാണ് സുപ്രീംകോടതിയല്ല. അതേ കുറിച്ച് തങ്ങൾക്ക് പൂർണബോധ്യമുണ്ട്. ഒന്നുകിൽ പഴയ രീതി സ്വീകരിച്ച് പൂർണമായും പണം വഴി സംഭാവനയാക്കുക, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് ബോണ്ട് എന്ന നിലപാട് പറ്റില്ല. ഈ കൊണ്ടു വന്ന പദ്ധതിയെ ആനുപാതികമായി (വീതിക്കുന്ന) തരത്തിലാകണം. എങ്ങിനെയാണ് അത് ചെയ്യേണ്ടത് എന്ന കാര്യം കേന്ദ്ര സർക്കാറിന് വിടുകയാണെന്നും അത് സുപ്രീംകോടതിയുടെ പണിയല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രഹസ്യ സ്വഭാവം സൂക്ഷിക്കുക, കൈക്കൂലി തടയുക എന്നീ രണ്ട് വിരുദ്ധ വിഷയങ്ങളുടെ ഏറ്റുമുട്ടലാണിപ്പോൾ തെരഞ്ഞെടുപ്പ് ബോണ്ടിലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഓർമിപ്പിച്ചു.

സുപ്രീംകോടതിയുടെ അഞ്ച് പരിഗണനാവിഷയങ്ങൾ

ഒന്ന്) തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പണത്തിന്റെ ഘടകം കുറച്ചുകൊണ്ടു വരണം.
രണ്ട്) അതിനായി ആധികാരികമായ ബാങ്കിങ് ചാനലുകളുടെ ഉപയോഗം പ്രേൽസാപ്പിക്കണം.
മൂന്ന്) ബാങ്കിങ് ചാനലുകൾ ഉപയോഗിക്കുന്നവർക്ക് ഇളവുകൾ നൽകണം.
നാല്) തെര​െഞ്ഞടുപ്പ് ബോണ്ടിൽ സുതാര്യത വേണം.
അഞ്ച്) ബോണ്ട് കൈക്കൂലിക്ക് നിയമസാധുത നൽകുന്നതാകരുത്
Tags:    
News Summary - Supreme Court reserves verdict in the challenge to the electoral bonds scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.