മുംബൈ: മുന്നോട്ടുള്ള വഴി ദുർഘടമാവുമ്പോൾ ഭരണഘടനാ വ്യാഖ്യാതാക്കളെയും നടപ്പാക്കുന്നവരെയും വഴി നടത്തുന്ന ധ്രുവനക്ഷത്രമാണ് ‘ഭരണഘടനയുടെ അടിസ്ഥാന ഘടന സിദ്ധാന്തം’ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
പൗരന്റെ മൗലികാവകാശം പരമപ്രധാനമാണെന്നും ഭരണഘടനയുടെ യഥാർഥ അന്തഃസത്ത കളയുന്ന ഭേദഗതികൾ വരുത്താൻ ഭരണഘടനപ്രകാരം സാധ്യമല്ലെന്നും ഉദ്ഘോഷിക്കുന്ന ‘ഭരണഘടന അടിസ്ഥാന ഘടന സിദ്ധാന്ത’ത്തെ വെല്ലുവിളിക്കുംവിധം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഈയിടെ നടത്തിയ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന.
ഈ സിദ്ധാന്തം ഉരുത്തിരിയാൻ ഇടയാക്കിയ, അഞ്ചു പതിറ്റാണ്ടുമുമ്പത്തെ 13 അംഗ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ വിമർശിച്ച ഉപരാഷ്ട്രപതിക്കുള്ള മറുപടിയായി മുംബൈയിൽ പ്രശസ്ത നിയമജ്ഞൻ നാനി പൽകിവാല അനുസ്മരണ പ്രഭാഷണത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. ഭരണഘടന ഭേദഗതിക്കും നിയമനിർമാണത്തിനും പാർലമെന്റിനുള്ള അധികാരത്തിനുമേൽ ജുഡീഷ്യറി കൂച്ചുവിലങ്ങിട്ട വിധിയായിരുന്നു അന്നത്തേതെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
‘അടിസ്ഥാന ഘടന സിദ്ധാന്തം’ ഉരുത്തിരിഞ്ഞ വിധിക്കിടയാക്കിയ കേശവാനന്ദ ഭാരതി കേസിൽ കേശവാനന്ദ ഭാരതിക്കുവേണ്ടി ഹാജരായത് പൽകിവാലയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഈ സിദ്ധാന്തം നമുക്ക് ലഭിക്കില്ലായിരുന്നു.
‘‘നിങ്ങളുടെ സംരക്ഷണത്തിനായി ഭരണഘടന നിർമാതാക്കൾ പ്രതിജ്ഞാബദ്ധതയോടെ കൈകാര്യം ചെയ്തിരുന്ന ഏതു പരിപാവന രേഖകളും ഭേദഗതി ചെയ്യാവുന്നതാണ്. ഭരണഘടനയെന്നത് പരിപാവനമാണ്.
എന്നാൽ, ഭരണഘടനയുടെ സ്വത്വം തകർക്കാൻ നിങ്ങൾക്ക് കഴിയില്ല.’’ -ചന്ദ്രചൂഡ് വിശദീകരിച്ചു. ഇന്ത്യൻ നിയമവ്യവസ്ഥയിൽ രൂപപ്പെട്ട അടിസ്ഥാന ഘടന സിദ്ധാന്തം നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ നിയമസംഹിതയുടെ ഭാഗമായത് ഇതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.