ന്യൂഡൽഹി: അക്രമത്തെ കുറിച്ച് പറയുന്നതും അക്രമത്തിന് സംഭാവന ചെയ്യുന്നതും രണ്ടും രണ്ടാണെന്ന് സുപ്രീംകോടതി. ത്രിപുരയിലെ വംശീയാക്രമണത്തിനെതിരെ ട്വീറ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ സമീഹുല്ലാ ശബീർ ഖാനെതിരെ നടപടി എടുക്കരുതെന്ന് ത്രിപുര പൊലീസിന് നിർദേശം നൽകിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
മുസ്ലിംകൾക്ക് നേരെ നവംബറിലുണ്ടായ വംശീയാക്രമണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഒന്നര മാസമായിട്ടും മറുപടി നൽകാത്ത ത്രിപുര സർക്കാറിന് സുപ്രീംകോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. ഇഹ്തിശാം ഹാശ്മി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഒരാഴ്ച കൂടി അനുവദിച്ചത്. സമീഹുല്ലാ ശബീർ ഖാന്റെ ട്വീറ്റ് നീക്കം ചെയ്യാൻ ട്വിറ്ററിന് ത്രിപുര പൊലീസ് നൽകിയ നിർദേശം അടക്കമുള്ള എല്ലാ നടപടികളും നിർത്തിവെക്കാനും കോടതി നിർദേശിച്ചു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിന്റെ (എ.പി.സി.ആർ) നിയമ സഹായത്തിലാണ് ഖാൻ ത്രിപുര പൊലീസിനെതിരെ സുപ്രീംകോടതിയിൽ എത്തിയത്.
ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ത്രിപുരയിലെ ബി.ജെ.പി സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കേസ് നീട്ടുന്നതിനെ ചൊല്ലി കൊമ്പുകോർത്തു. ഒരു മാസം മുമ്പ് കൊടുത്ത നോട്ടീസിൽ വീണ്ടും വന്ന് സമയം നീട്ടിച്ചോദിക്കുന്നത് വിചിത്രമാണെന്ന് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിതെന്ന് ഭൂഷൺ കുറ്റപ്പെടുത്തി. പ്രശാന്ത് ഭൂഷണിന് പലതും വിചിത്രമാണെന്നായിരുന്നു മേത്തയുടെ മറുപടി. ചില കാര്യങ്ങളിൽ മാത്രം പൊതുതാൽപര്യം തോന്നുന്നതിനെ കുറിച്ച് സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്നും മേത്ത തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.