ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ 2016ലെ നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. സർക്കാറിന്റെ നയപരമായ കാര്യങ്ങളിൽ നീതിന്യായ സംവിധാനങ്ങൾക്ക് എത്രത്തോളം ഇടപെടാമെന്ന ലക്ഷ്മണരേഖ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എ നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി.
വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാറിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു. നവംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.നോട്ടുനിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട 59 ഹർജികളിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
സംഭവം കഴിഞ്ഞ് ആറു വർഷം കടന്നു പോയതിനാൽ കേസ് പരിഗണിക്കുന്നതിൽ അക്കാദമിക താത്പര്യം മാത്രമാണ് ഉള്ളത് എന്നാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചത്.
എന്നാൽ സർക്കാർ തീരുമാനത്തെ ഇപ്പോഴും ചോദ്യം ചെയ്യാനുള്ള അവസരമുണ്ടെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ പി ചിദംബരവും ശ്യാം ധവാനും വാദിച്ചു. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നോട്ടുനിരോധിക്കാൻ കേന്ദ്രസർക്കാറിനാകില്ല എന്നാണ് ഹരജിക്കാരുടെ വാദം.
കേസ് പരിഗണിച്ച വേളയിൽ തന്നെ, വിഷയം അക്കാദമികമാണ് എന്നും വ്യക്തിഗതമായ ബുദ്ധിമുട്ടുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യേണ്ടതാണ് എന്നും തുഷാർ മേത്ത പറഞ്ഞു. അക്കാദമിക താത്പര്യങ്ങൾക്കായി കോടതി സമയം ചെലവഴിക്കരുത്. വിഷയം അപ്രസക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ 1978ൽ കേന്ദ്രസർക്കാർ പാസാക്കിയ നോട്ട് അസാധുവാക്കൽ നിയമം 1996ൽ കോടതി പരിശോധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് അബ്ദുൽ നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.