ന്യൂഡൽഹി: സൈന്യത്തിൽ ഇപ്പോഴുള്ള എല്ലാ ഹ്രസ്വകാല സേവന കമീഷൻ ( ഷോർട്ട് സർവിസ് കമീഷൻ-എസ്.എസ്.സി ) വനിതാ ഓഫിസർമാർക്കും ഒരു മാസത്തിനകം സ്ഥിരം സേവന കമീഷൻ ( പെർമനൻറ് കമീഷൻ-പി.സി ) നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞ െഫബ്രുവരിയിൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മാസത്തിനകം നടപ്പാക്കണമെന്നാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത്.
സേനയിലെ നിലവിലെ എല്ലാ വനിത ഓഫിസർമാർക്കും അവരുടെ സേവനകാലം നോക്കാതെ സ്ഥിരം സേവന കമീഷൻ നൽകണമെന്നും കമാൻഡ് പദവികളിലേക്ക് പരിഗണിക്കണമെന്നും ഫെബ്രുവരി 17ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഡൽഹി ഹൈകോടതി വിധി ശരിവെച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഹ്രസ്വകാല സേവന കമീഷനിൽ പത്ത് മുതൽ 14 വർഷം വരെയും പെർമനൻറ് കമീഷനിൽ വിരമിക്കുന്നതു വരെയുമാണ് സേവന കാലാവധി.
കോവിഡ് പശ്ചാത്തലത്തിൽ വിധി നടപ്പാക്കാൻ ആറു മാസത്തെ സമയം വേണമെന്ന് കേന്ദ്രം അഭ്യർഥിച്ചപ്പോഴാണ് ഒരു മാസത്തെ സമയം അനുവദിച്ചത്്. വനിതകൾക്ക് അവരുടെ ശാരീരിക പരിമിതികൾ കാരണം സ്ഥിരം കമീഷൻ നൽകാനാവില്ലെന്ന് അന്ന് സർക്കാർ വാദിച്ചിരുന്നു. എന്നാൽ, സ്ത്രീകൾ അബലകളാണെന്ന മനഃസ്ഥിതി മാറ്റിവെക്കണമെന്നും അവർക്കും വിരമിക്കുന്നതു വെര സർവിസ് നൽകണമെന്നുമായിരുന്നു കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.