ന്യൂഡൽഹി: സംവരണം 50ശതമാനം കവിയരുതെന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചു. ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിേക്കണ്ട ആവശ്യമില്ലെന്നും മറാത്ത സംവരണം റദ്ദാക്കിയ വിധിപ്രസ്താവത്തിൽ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കി. മറാത്ത സമുദായത്തിന് സംവരണം അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.
സാമ്പത്തിക സംവരണത്തിനായി, 50ശതമാനം സംവരണ പരിധി എടുത്തുകളയാൻ ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിെൻറ ആവശ്യവും സുപ്രീംകോടതി തള്ളി. അവസര സമത്വം കൈവരിക്കാൻ 50 ശതമാനം സംവരണം മതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈയൊരു സന്തുലനം യുക്തിസഹമല്ലെന്നു പറയാനാവില്ല.
സമൂഹവും നിയമങ്ങളും മാറി എന്നതുകൊണ്ട് അവസരസമത്വത്തിന് പ്രയോജനകരമായ സംവിധാനവും മാറ്റണമെന്ന് അഭിപ്രായമില്ലെന്ന് കോടതി വ്യക്തമാക്കി. 50ശതമാനം പരമാവധി സംവരണ പരിധിയായി നിശ്ചയിച്ചത് അതു പാലിക്കാനാണ്. പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഏതെങ്കിലും സമുദായത്തെ േചർക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും അതുകഴിഞ്ഞാൽ പാർലമെൻറിനാണെന്നും അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാർ വിധിയിൽ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് രാഷ്്ട്രപതിക്ക് നിർദേശം സമർപ്പിക്കാൻ മാത്രമേ അധികാരമുള്ളൂ എന്നും ബെഞ്ച് വിധിച്ചു.
ഭരണഘടനയുടെ 342എ അനുഛേദത്തോടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാറുകളിൽനിന്ന് രാഷ്ട്രപതിയുടെ അധികാര പരിധിയിലേക്ക് മാറിയിരിക്കുകയാണെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, എൽ. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവർ പറഞ്ഞു. ഇതു ഭരണഘടനയുടെ അടിസ്ഥാന ഘടനയെയും സവിശേഷതകളെയും രാജ്യത്തിെൻറ ഫെഡറൽ സംവിധാനത്തെയും ഏതെങ്കിലും രീതിയിൽ ബാധിക്കില്ലെന്നും വിധി തുടർന്നു.
അതേസമയം, ജസ്റ്റിസുമാരായ അശോക് ഭൂഷണും അബ്ദുൽ നസീറും ഇതിനോട് വിയോജിച്ചു. പിന്നാക്ക വിഭാഗങ്ങളെ നിർണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം, ഭരണഘടനാ ഭേദഗതി എടുത്തുകളഞ്ഞിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. എന്നാൽ, ഭൂരിപക്ഷ വിധിയോടെ ആ അഭിപ്രായത്തിന് നിയമസാധുതയില്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.