ന്യൂഡൽഹി: തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ വർഗീയ പ്രസംഗം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി കാമ്പെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സി.ജെ.എ.ആർ). ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ പ്രസംഗം ശ്രദ്ധയിൽപ്പെട്ടുവെന്നും ഹൈകോടതിയിൽനിന്ന് വിശദാംശങ്ങൾ തേടിയതായും വിഷയം പരിഗണനയിലാണെന്നും സുപ്രീംകോടതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തെ ഹിന്ദു സമൂഹത്തെ പരാമർശിച്ചുകൊണ്ട് ‘ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാത്രമേ ഇന്ത്യ പ്രവർത്തിക്കൂ’ എന്ന് ജസ്റ്റിസ് യാദവ് പരിപാടിയിൽ പറഞ്ഞിരുന്നു. പ്രസംഗം സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് സി.ജെ.എ.ആർ ചൊവ്വാഴ്ച കത്തെഴുതുകയുണ്ടായി. ഒരു കമ്മിറ്റി രൂപീകരിച്ച് ഈ വിഷയത്തിൽ ആഭ്യന്തരമായ അന്വേഷണം നടത്തണമെന്ന് കത്തിൽ കോടതിയോട് ആവശ്യപ്പെട്ടു.
ചടങ്ങിൽ പങ്കെടുത്ത് വിവാദ പ്രസംഗം നടത്തിയ ജസ്റ്റിസ് യാദവിന്റെ പെരുമാറ്റം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് ശരാശരി പൗരന്മാരുടെ മനസ്സിൽ സംശയം ഉളവാക്കിയിട്ടുണ്ടെന്നും അതിന് ലഭിച്ച വിപുലമായ പ്രചാരണം കണക്കിലെടുത്ത് ശക്തവും സ്ഥാപനപരവുമായ പ്രതികരണം ആവശ്യമാണെന്നും സി.ജെ.എ.ആർ പറഞ്ഞു. ഒരു ജഡ്ജിയുടെ അത്തരം പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങളും കത്തിൽ ചൂണ്ടിക്കാണിച്ചു.
‘വലതുപക്ഷ പരിപാടിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും പ്രസ്താവനകളും നമ്മുടെ ഭരണഘടനയുടെ ആമുഖത്തോടൊപ്പമുള്ള ആർട്ടിക്കിൾ 14, 21, 25, 26 എന്നിവയുടെ കടുത്ത ലംഘനമാണ്. അത് വിവേചനപരവും ഭരണഘടനയിൽ വേരൂന്നിയ നിയമത്തിന് മുന്നിലെ സമത്വത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നവയുമാണ്. ഒരു പൊതുപരിപാടിയിൽ ഹൈകോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ഇത്തരം വർഗീയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുക മാത്രമല്ല, നീതിന്യായ സ്ഥാപനത്തിന്റെ സമഗ്രതയിലും നിഷ്പക്ഷതയിലും പൊതുജനങ്ങളുടെ വിശ്വാസത്തെ പൂർണമായും ഇല്ലാതാക്കും. ഭരണഘടനയും അതിന്റെ മൂല്യങ്ങളും നിഷ്പക്ഷമായി ഉയർത്തിപ്പിടിക്കുമെന്ന് വാഗ്ദാനം ചെയ്ത ജഡ്ജി എന്ന നിലയിലുള്ള തന്റെ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനം കൂടിയാണ് ഇത്തരമൊരു പ്രസംഗം. ജസ്റ്റിസ് യാദവിന്റെ പെരുമാറ്റം സാമുദായികപരവും വിവേചനപരവുമാണെന്ന് മാത്രമല്ല, 1997ൽ ഇന്ത്യയുടെ സുപ്രീംകോടതി അംഗീകരിച്ച ജുഡീഷ്യൽ ജീവിതത്തിന്റെ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിന്റെ ലംഘനമാണെന്നും സി.ജെ.എ.ആർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.