കൊൽക്കത്ത കൂട്ടബലാത്സംഗക്കൊല: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഹരജി ചൊവ്വാഴ്ച പരിഗണിക്കും. കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളജിൽ 31കാരിയായ ട്രെയിനി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ആഗസ്റ്റ് ഒമ്പതിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശനിയാഴ്ച രാജ്യത്തുടനീളം ഡോക്ടർമാർ പണിമുടക്കിയിരുന്നു. സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാറിനെതിരെ സമ്മർദം ശക്തമാകുന്നതിനിടെയാണ് കോടതി സ്വമേധയ വിഷയത്തിൽ ഇടപെടുന്നത്. നിലവിൽ സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് യുവ ഡോക്ടറെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന പൊലീസിന്റെ സിവിക് വളന്‍റിയർ സഞ്ജയ് റോയിയെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ, ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർമാരായ ഡോ.കുനാൽ സർക്കാർ, ഡോ.സുബർണ ഗോസ്വാമി, ബി.ജെ.പി നേതാവും മുൻ എം.പിയുമായ ലോകേത് ചാറ്റർജി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിന്നു. കേസിലെ അന്വേഷണത്തെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ടും വ്യാജ വിവരങ്ങൾ പങ്കുവെച്ചതിനാണ് നോട്ടീസ് നൽകിയത്.

മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തനിക്ക് ലഭിച്ചെന്നും ഇതുപ്രകാരം പെൺകുട്ടിയുടെ ശരീരത്തിൽ 150 എം.ജി പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് ഗോസ്വാമി പറഞ്ഞത്. ഇത് കൂട്ടബലാത്സംഗത്തിലേക്കുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഡോക്ടർ അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - Supreme Court takes suo motu cognizance of Kolkata rape-murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.