ഗ്യാൻവാപി പള്ളി: ഹരജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള നീക്കം തടയണമെന്നും തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും.

സിവിൽ കോടതി ഉത്തരവിനെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. കേസിനെ കുറിച്ച് ധാരണയില്ലെന്നും രേഖകൾ പരിശോധിച്ച ശേഷം ഹരജി ലിസ്റ്റ് ചെയ്യാമെന്നും വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചിരുന്നു. ഇതിനു പിറകെ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യുകയായിരുന്നു.

പ്ലേസ് ഓഫ് വര്‍ഷിപ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന പള്ളിയാണ് ഗ്യാൻവാപി. അവിടെ സര്‍വേ നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു ഹരജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഗ്യാൻവാപി പള്ളി കോംപ്ലക്സ് വിഡിയോഗ്രഫി സർവേക്ക് നിയോഗിച്ച അഭിഭാഷക കമീഷനെ മാറ്റാൻ കഴിഞ്ഞദിവസം സിവിൽ കോടതി വിസമ്മതിച്ചിരുന്നു.

മേയ് 17നകം സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കോടതി അഭിഭാഷക കമീഷന് നിർദേശം നൽകുകയുണ്ടായി. ഇതിന് പിറകെയാണ് പള്ളി പരിപാലന കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - Supreme Court To Hear Varanasi Mosque Panel's Plea Over Videography Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.