ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം വളരെ വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. ഒമിക്രോണ്‍ വകഭേദം മാരകമല്ലെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാനാവില്ല. ദക്ഷിണാഫ്രിക്കയില്‍നിന്നും യുകെയില്‍നിന്നും വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളുവെന്നും അവർ പറഞ്ഞു.
രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളില്‍ തിരക്ക് വർധിക്കും. വീടുകളിലായിരിക്കും കൂടുതൽ പേർക്കും പരിചരണം ലഭിക്കുക. ആശങ്കാകുലരാകുന്ന ആളുകള്‍ ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ഉപദേശത്തിനായി ശ്രമിക്കും. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞു.
ടെലിഹെല്‍ത്ത്, ടെലിമെഡിസിന്‍ സൗകര്യം കൂടുതൽ ഉപയോഗപ്പെടുത്തേണ്ട സമയമാണിത്. ഒ.പി വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടെന്ന് ഉറപ്പാക്കണം. വീടുകളിലും പ്രൈമറി ഐസൊലേഷന്‍ സെന്‍ററുകളിലും പരമാവധി ആളുകള്‍ക്കു ചികിത്സ നല്‍കാന്‍ ശ്രമിക്കണം.
ആഫ്രിക്കയിൽ ഒമിക്രോൺ വ്യാപനം, ഡെൽറ്റയേയും കൊവിഡിന്‍റെ മറ്റുവകഭേദങ്ങളെയും അപേക്ഷിച്ച് നാല് മടങ്ങോളം വേഗത്തിലായിരുന്നു. അത്രയധികം വ്യാപനശേഷിയാണ് ഇതിനുള്ളത്. ഒമിക്രോണ്‍ വകഭേദം മാരകമല്ലെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാനാവില്ല.
പക്ഷെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഇത് ആശ്വാസകരമാണ്. ഇതുമൂലം സൗകര്യങ്ങൾ വേണ്ടെന്ന് തീരുമാനിക്കാനാവില്ല. കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രികളും സർക്കാരും ശ്രദ്ധിക്കണമെന്ന് ഡോ. സൗമ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.