ന്യൂഡല്‍ഹി: ഇന്ത്യയുടെ നിലപാടറിയും മുമ്പേ ചൈനീസ് അംബാസഡറുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന വിമർശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ പാർലമെൻറിൽ വിശദീകരണം നൽകവേയാണ് സുഷമ സ്വരാജ് രാഹുലിനെതിരെ രംഗത്തെത്തിയത്.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കും. തർക്ക പരിഹാരത്തിനായി ചൈനയുമായുള്ള നയതന്ത്ര നീക്കങ്ങൾ തുടരുമെന്നും സുഷമ പറഞ്ഞു.
ചൈനയുമായി യുദ്ധത്തിനുള്ള സാധ്യതയില്ല. ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രയേലുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടെന്നും എന്നാൽ, ഫലസ്തീനികളുടെ പ്രശ്നങ്ങൾ അവഗണിക്കില്ലെന്നും സുഷമ വ്യക്തമാക്കി.
ചൈനീസ് സ്ഥാനപതിയുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ച കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലൈ എട്ടിനാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ഈ വിവരം ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.