സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത് തിൽ നിന്ന് വിരമിക്കുന്നു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിനെത്തിയ സുഷമ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യപരമായ കാര്യങ്ങളാലാണ് പുതിയ തീരുമാനമെന്ന് സുഷമ പറഞ്ഞു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. അതിനുള്ള മാനസികാവസ്ഥയിലല്ല താനെന്നും അവർ വ്യക്തമാക്കി. പ്രമേഹ രോഗിയായ സുഷമ സ്വരാജിന്‍റെ വൃക്ക തകരാറിലായതിനെ തുടർന്ന് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. 66കാരിയായ സുഷമ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തെയാണ് ലോകസഭയിൽ പ്രതിനിധീകരിക്കുന്നത്.

ഹരിയാനയിലെ പാൽവാൽ സ്വദേശിയായ സുഷമ സ്വരാജ് എ.ബി.വിപിയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നത്. 1977-1982, 1987-1990 വരെയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. തുടർന്ന് ദേവിലാൽ സർക്കാറിൽ വിദ്യാഭ്യാസം, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായി. 1990ലാണ് ആദ്യമായി രാജ്യസഭാംഗമായത്. 1996ൽ ദക്ഷിണ ഡൽഹി സീറ്റിൽ നിന്ന് കന്നിയങ്കം ജയിച്ച് പതിനൊന്നാം ലോകസഭയിൽ അംഗമായി. തുടർന്ന് വാജ്പേയ് സർക്കാറിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ ചുമതല വഹിച്ചു. 1998ൽ ദക്ഷിണ ഡൽഹിയിൽ നിന്ന് രണ്ടാം തവണയും ലോകസഭാംഗമായി വിജയിച്ചു. 2000ൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ മന്ത്രിയായി.

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് 1998ൽ ഹൗസ് ഖാസ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഡൽഹി സംസ്ഥാനത്തിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഇതിനിടെ 1999ൽ കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരേ മികച്ച മത്സരം കാഴ്ചവെച്ചു. 2004-2009ൽ രണ്ടാംതവണ രാജ്യസഭാംഗമായി. രണ്ടാം വാജ്പേയ് സർക്കാറിൽ വാർത്താവിതരണ പ്രക്ഷേപണം, ആരോഗ്യം- കുടുംബക്ഷേമം എന്നീ വകുപ്പുകളുെട ചുമതല വഹിച്ചു.

2009ലെ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തിൽ നിന്നും സുഷമ വീണ്ടും 15ാം ലോകസഭയിലെത്തി. ഇക്കാലയളവിൽ ലോകസഭാ പ്രതിപക്ഷ നേതാവ് പദവി വഹിച്ചിരുന്നു.

മിസോറാം മുൻ ഗവർണറും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന സ്വരാജ് കൗശൽ ആണ് ഭർത്താവ്. ഏക മകൾ ഭാൻസുരി സ്വരാജ് സുപ്രീംകോടതി അഭിഭാഷക.

Tags:    
News Summary - Sushma Swaraj Election Fight -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.