ന്യൂഡൽഹി: 12 പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നതിനിടെ പരിഹാരത്തിന് സർക്കാറും പ്രതിപക്ഷവും സംഭാഷണം നടത്തണമെന്ന് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു.
സർക്കാറും പ്രതിപക്ഷവും വിട്ടുവീഴ്ചയില്ലാെത പോകുന്നത് സഭാ നടപടികളെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നായിഡുവിെൻറ ഇടപെടൽ. സസ്പെൻഷനിൽ പ്രതിഷേധിച്ച് വ്യാഴാഴ്ചയും സഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം അണക്കെട്ട് സുരക്ഷ ബിൽ അവതരണത്തിലും ചർച്ചയിലും സഹകരിക്കുകയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. സർക്കാറും പ്രതിപക്ഷവും സംഭാഷണം നടത്തണമെന്ന് അഭിപ്രായപ്പെട്ട നായിഡു, സസ്പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന വാദം തള്ളി.
255ഉം 256ഉം സഭാ ചട്ടങ്ങൾ നൽകിയ അധികാരം ഉപയോഗിച്ചാണ് അംഗങ്ങളെ സസ്പെൻഡ് ചെയ്തത്. േഖദം പ്രകടിപ്പിച്ചാൽ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്ന് സഭാ നേതാവ് പറഞ്ഞതാണ്. ഖേദപ്രകടനത്തിന് തയാറല്ലെന്ന് അംഗങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മുന്നോട്ടുള്ള വഴി എന്താണെന്നും നായിഡു ചോദിച്ചു.
അടച്ച ചേംബറാക്കി രാജ്യസഭയെ മാറ്റരുതെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയൻ ആവശ്യപ്പെട്ടു. സസ്പെൻഷനെതിരായ പ്രതിഷേധം തുടരുന്നതോടൊപ്പം സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു.
രണ്ടു മണിക്ക് സഭ ചേർന്നപ്പോൾ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ, എൻ.സി.പി, ആർ.ജെ.ഡി, ടി.ആർ.എസ് എന്നീ പാർട്ടികൾ രാജ്യസഭയിൽ നിന്നിറങ്ങിപ്പോയി. സി.പി.എം രാജ്യസഭ നേതാവ് എളമരം കരീമിനെ ചട്ടവിരുദ്ധമായി പുറത്താക്കിയതിനെ ന്യായീകരിക്കുന്ന നിലപാട് സഭാധ്യക്ഷൻ സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ഇടതുപക്ഷാംഗങ്ങളും ഇറങ്ങിപ്പോയി.
വർഷകാല സമ്മേളനത്തിലെ അവസാന ദിവസമായ ആഗസ്റ്റ് 11 നാണ് സസ്പെൻഷന് ആധാരമായ സംഭവങ്ങളുണ്ടായതെന്ന് വിഷയം ക്രമപ്രശ്നമായി ഉന്നയിച്ച ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. അന്നത്തെ നടപടിക്രമങ്ങൾ വിശദീകരിച്ച് രാജ്യസഭ സെക്രേട്ടറിയറ്റ് പുറത്തുവിട്ട ബുള്ളറ്റിനിൽ 33 എംപിമാരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്.
അതിൽ എളമരം കരീമിെൻറ പേരില്ല. ചട്ടപ്രകാരം പേര് പരാമർശിക്കാതെയാണ് കരീമിനെ പുറത്താക്കിയത്. കരീമിേൻറതടക്കം എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ സഭാധ്യക്ഷൻ തീർപ്പുകൽപ്പിച്ചതാണെന്നും അത് അന്തിമമാണെന്നും ഉപാധ്യക്ഷൻ ഹരിവംശ് വ്യക്തമാക്കിയതോടെ ഇടതുപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.
അതിനിടെ, സസ്പെൻഷനിലായ എം.പിമാർ പാർലമെൻറിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ഗാന്ധി പ്രതിമക്ക് മുന്നിലെ പ്രതിഷേധം മഴ പെയ്തതിനെത്തുടർന്ന് പാർലമെൻറ് മന്ദിരത്തിന് മുന്നിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.