ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് രാജ്യസഭ എം.പിയും ദേശീയ വനിത കമീഷൻ മുൻ അധ്യക്ഷയുമായ സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ സ്വാതിയുടെ പരാതിയിൽ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ തന്നെ ബൈഭവ് കുമാർ ക്രൂരമായി മർദിച്ചുവെന്നാണ് സ്വാതി ഡൽഹി പൊലീസിൽ നൽകിയ പരാതിയിലുള്ളത്. എന്നാൽ പരാതി വ്യാജമാണെന്നും സ്വാതി ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് എന്നുമാണ് എ.എ.പിയുടെ ആരോപണം.
ബൈഭവ് കുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എ.എ.പി ഇന്ന് പ്രതിഷേധ സമരം നടത്തുന്നുണ്ട്. ഈ സന്ദർഭത്തിലാണ് എ.എ.പിക്കെതിരെ രംഗത്തുവന്നത്. ''നിർഭയക്ക് നീതി ലഭിക്കാൻ തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്യുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷിക്കാൻ പന്ത്രണ്ട് വർഷത്തിന് ശേഷം അവർ തെരുവിലിറങ്ങിയിരിക്കുകയാണ്.''-എന്നാണ് സ്വാതി മലിവാൾ എക്സിൽ കുറിച്ചത്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉണ്ടായിരുന്നുവെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നുവെന്നും സ്വാതി കുറിച്ചിട്ടുണ്ട്.
''മനീഷ് സിസോദിയയുടെ ജയിൽ മോചനത്തിനായി അവർ കഠിനമായി ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, എനിക്ക് ഇത്ര മോശമായ ഒന്നും സംഭവിക്കില്ലായിരുന്നു.''- സ്വാതി പറഞ്ഞു. എ.എ.പിയുടെ ഉന്നത നേതാക്കളായ ഒരാളായ സിസോദിയ മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ്.
തെളിവുനശിപ്പിക്കാനായി ബൈഭവ് കുമാർ കെജ്രിവാളിന്റെ വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചുവെന്നാണ് ഡൽഹി പൊലീസ് കരുതുന്നത്. ഫോൺ ഫോർമാറ്റ് ചെയ്തുവെന്നും പൊലീസിന്റെ റിമാൻഡ് നോട്ടിലുണ്ട്. അറസ്റ്റ് ചെയ്ത ബൈഭവിനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബൈഭവിനെ കെജ്രിവാളിന്റെ വീട്ടിലെത്തി തെളിവെടുക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം.
സംഭവത്തിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് കെജ്രിവാൾ അറിയിച്ചത്. എ.എ.പി നേതാക്കളെ ഒന്നൊന്നായി ജയിലിലടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാണ കളിയാണ് കളിക്കുന്നതെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം എന്റെ പേഴ്സനൽ സെക്രട്ടറിയെ അവർ അറസ്റ്റ് ചെയ്തു. എം.പി രാഘവ് ഛദ്ദ, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും ജയിലിലടക്കുമെന്നാണ് ബി.ജെ.പിയുടെ ഭീഷണിയെന്നും കെജ്രിവാൾ പറഞ്ഞു. എ.എ.പിയുടെ മാർച്ചിനോടനുബന്ധിച്ച് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.