ആർ.എൻ. രവി 

ഒടുവിൽ വഴങ്ങി തമിഴ്നാട് ഗവർണർ; കെ. പൊന്മുടിയുടെ സത്യപ്രതിജ്ഞ ഇന്ന്

ചെന്നൈ: സുപ്രീംകോടതിയുടെ കടുത്ത വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ മുതിർന്ന ഡി.എം.കെ നേതാവ് കെ. പൊന്മുടിക്ക് മന്ത്രിയാകാൻ സത്യവാചകം ചൊല്ലിക്കൊടുക്കാൻ തമിഴ്നാട് ഗവർണർ ആർ.എൻ. രവി. കെ. പൊന്മുടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 3.30ന് നടക്കും.

കെ. പൊന്മുടിയെ മന്ത്രിയാക്കാൻ ഗവർണർ വിസമ്മതിച്ച സംഭവത്തിൽ അതിരൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഗവർണർക്കെതിരെ നടത്തിയത്. ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. പൊന്മുടിയെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച മദ്രാസ് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാൻ സ്റ്റാലിൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ, ഈ തീരുമാനത്തിൽ ഗവർണർ വിസമ്മതം അറിയിച്ചു. ഇത് സംബന്ധിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുമാത്രമേയുള്ളൂവെന്നും പൊന്മുടിയെ കുറ്റമുക്തനാക്കിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടിയത്.

ഇതേത്തുടർന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഗവർണറെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കാൻ അന്ത്യശാസനം നൽകുകയും ചെയ്തു. മന്ത്രിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കെ ഗവർണർക്ക് അതിൽ മറ്റൊരു തീരുമാനം കൈക്കൊള്ളേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. പൊന്മുടി അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ പിന്നാലെയാണ് രാജിവെച്ചത്. കരുണാനിധി മന്ത്രിസഭയിൽ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊൻമുടി 2006 - 2010 കാലത്ത് 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. കേസിൽ കീഴ്‌ക്കോടതി ഇദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. തുടർന്ന് അദ്ദേഹം രാജിവെച്ചു. എന്നാൽ, ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. 

Tags:    
News Summary - Swearing in of senior DMK leader K Ponmudy as Minister at Raj Bhavan today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.