ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം തകർക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നു- മല്ലികാർജുൻ ഖാർഗെ

ന്യുഡൽഹി: ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം തകർക്കാനും വെട്ടിക്കുറക്കാനും ബി.ജെ.പി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണഘടനക്കും അതിന്‍റെ ധാർമികതക്കും മൂല്യങ്ങൾക്കുമെതിരായ ആക്രമണത്തെ എല്ലാ പൗരന്മാരും ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യയുടെ ഭരണഘടനയാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ ജീവരേഖ. 74-ാം ഭരണഘടന ദിനം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിന്റെ നിർമ്മാതാക്കളെ അങ്ങേയറ്റം ആദരവോടെ വണങ്ങുന്നു. കാരണം അവർ ഓരോ ഇന്ത്യക്കാരന്റെയും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾക്ക് ഉറപ്പുനൽകുന്നു"- മല്ലികാർജുൻ ഖാർഗെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ഇന്ന് ഭരണഘടനയുടെ ആത്മാവ് നിരവധി വെല്ലുവിളികളെ നേരിടുന്നു. വിയോജിപ്പുകളെ കീഴ്പ്പെടുത്തുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുകയാണെന്നും ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനക്കെതിരായി സർക്കാർ സംവിധാനത്തിന്റെ വ്യാപകമായ ദുരുപയോഗത്തിലുടെ ആസൂത്രിതമായ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ രാഷ്ട്രമെന്ന നിലയിൽ, സാമൂഹ്യനീതിയും സൗഹാർദവും അപകടനിലയിൽ എത്തുകയും ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ ക്രമേണ പിടിച്ചെടുക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് ഇന്ത്യ ഉടൻ എത്തിച്ചേരുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ നിലകൊള്ളേണ്ട സമയമാണിതെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനായി മുന്നിൽ നിന്ന് പോരാടുകയാണെന്നും രാഹുൽ ഗാന്ധി സമാധാനം, നാനാത്വത്തിൽ ഏകത്വം, സൗഹാർദ്ദം, അനുകമ്പ എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ് ഭാരത് ജോഡോ യാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികൾ ബ്രിട്ടീഷുകാരോട് പോരാടിയതുപോലെ ഭയമില്ലാതെ പോരാടാനും ജനാധിപത്യത്തെ സംരക്ഷിക്കാനും തങ്ങൾ പ്രാപ്തരാണെന്നും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ബാബാസാഹെബ് ഡോ. ബി ആർ അംബേദ്കർ, സർദാർ വല്ലഭായി പട്ടേൽ, മൗലാന അബുൽ കലാം ആസാദ്, ഡോ രാജേന്ദ്ര പ്രസാദ്, കെ എം മുൻഷി, സരോജിനി നായിഡു, അള്ളാടി കൃഷ്ണസ്വാമി അയ്യർ, രാജ്കുമാരി അമൃത് കൗർ തുടങ്ങി നിരവധി പ്രമുഖരെ ഈ ദിനത്തിൽ സ്മരിക്കേണ്ടതുണ്ടെന്നും അവരുടെ ദർശനത്തിനും ജ്ഞാനത്തിനും നാം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'Systematic', 'strident' attack on Constitution by BJP-RSS visible: Congress president Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.