ന്യൂഡൽഹി: രാജ്യത്തിെൻറ അഭിമാനമായ താജ്മഹലിെൻറ നിറംമാറ്റത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് സുപ്രീംകോടതി. മന്ദിരം സംരക്ഷിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവത്തെ വിമർശിച്ച ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച്, അറ്റകുറ്റപ്പണികൾക്ക് അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. വെള്ള മാർബിൾകൊണ്ട് നിർമിച്ച താജ്മഹൽ നേരത്തേ മഞ്ഞയും പിന്നീട് തവിട്ടും പച്ചയും നിറത്തിലേക്ക് മാറിയതായി കോടതി നിരീക്ഷിച്ചു. പരിസ്ഥിതി പ്രവർത്തകനായ എം.സി. മേത്ത സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. താജ്മഹലിെൻറ അവസ്ഥ ഭയാനകമാണെന്നും പുനരുദ്ധാരണത്തിനായി കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ അധികാരികൾ പാലിക്കുന്നില്ലെന്നും ഹരജിക്കാരൻ വാദിച്ചു. നിറംമാറ്റവും മാർബിൾ പാളികൾ ഇളകിയതും ചൂണ്ടിക്കാട്ടിയ അദ്ദേഹം അടുത്തിടെ ഒരു മിനാരം നിലംപതിച്ചതായും അറിയിച്ചു. നിറംമാറ്റം വ്യക്തമാക്കുന്ന ചിത്രങ്ങളും സമർപ്പിച്ചു.
താജ്മഹൽ നവീകരിക്കാൻ നിങ്ങളുടെ പക്കൽ വിദഗ്ധരില്ലെ എന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.എൻ.എസ്. നദ്കർനിയോട് ആരാഞ്ഞ കോടതി, അത്തരക്കാരുണ്ടെങ്കിൽ ഉപയോഗപ്പെടുത്തുന്നില്ലെന്നും ഒരുപക്ഷേ ശ്രദ്ധകാട്ടുന്നില്ലെന്നും കുറ്റപ്പെടുത്തി. പണം പ്രശ്നമാക്കേണ്ട, രാജ്യത്തിനകത്തോ പുറത്തോ ഉള്ള വിദഗ്ധരെ ഇതിനായി കണ്ടെത്തണം. ആദ്യം കേടുപാടുകൾ കണ്ടെത്തി എങ്ങനെ പുനരുദ്ധരിക്കാമെന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും കോടതി നിർദേശിച്ചു.
ഇന്ത്യൻ നാഷനൽ ആർട്ട് ആൻഡ് കൾചറൽ ഹെറിറ്റേജ് പോലുള്ള സ്ഥാപനങ്ങളിൽ നിരവധി വിദഗ്ധരുണ്ടെന്ന് നദ്കർനി വാദിച്ചപ്പോൾ, ഹരജിക്കാരൻ നൽകിയ ചിത്രത്തിൽ അവ ഉപയോഗപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നതായി തോന്നുന്നില്ലെന്ന് കോടതി പ്രതികരിച്ചു. മന്ദിരം സംരക്ഷിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ എ.എസ്.ജി. മേത്ത അറിയിച്ചു. ഹരജിയിലെ തുടർവാദം മേയ് ഒമ്പതിലേക്ക് മാറ്റി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച താജ്മഹൽ 1631ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്നി മുംതാസ് മഹലിെൻറ ഒാർമക്കായി നിർമിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.