അറസ്റ്റിലായ മന്ത്രി സെന്തിൽ ബാലാജിയെ കാണാൻ എം.കെ സ്റ്റാലിൻ ആശുപത്രിയിലെത്തി

ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആശുപത്രിയിലെത്തി. രാവിലെ പത്തരയോടെ ഓമണ്ടുരാർ സർക്കാർ ആശുപത്രിയിലാണ് സ്റ്റാലിൻ എത്തിയത്. അതേസമയം, ആശുപത്രിക്ക് പുറത്ത് നിന്ന ഡി.എം.കെ പ്രവർത്തകർ തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു.

2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്​പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെയാണ് ബാലാജിയുടെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്ര​ട്ടേറിയറ്റിലെ ഓഫിസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം തളർന്നു വീഴുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ ബാലാജിയെ കാണാൻ ആശുപത്രിയിൽ എത്തിയത്.

ജയലളിതയുടെ കീഴിൽ മന്ത്രിയായിരുന്ന ബാലാജി ​‘ജോലിക്ക് കോഴ’കേസിൽ ആരോപണം നേരിട്ടിരുന്നു. പിന്നീട് ഡി.എം.കെയിലേക്ക് കൂടുമാറിയ ഇദ്ദേഹത്തിനെതിരെ പൊലീസ്, ഇ.ഡി അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ മാസം ആദായനികുതി ഉദ്യോഗസ്ഥർ ബാലാജിയുടെ അടുപ്പക്കാരുടെ വീടുകളിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇ.ഡിയുടെ വരവ്. ആന്റി കറപ്ഷൻ മൂവ്മെന്റും ഇ.ഡിയുമാണ് മ​ദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.


Tags:    
News Summary - Tamil Nadu CM MK Stalin arrives at Omandurar government hospital to meet state minister Senthil Balaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.