ന്യൂഡൽഹി: കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകിയ തമിഴ്നാട് ഐ.ആർ.എസ് ഓഫിസർക്ക് സസ്പെൻഷൻ. ജനുവരി 29നാണ് ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ ബി. ബാലമുരുകനെ സസ്പെൻഷൻഡ് ചെയ്തതായി ഉത്തരവ് ലഭിച്ചത്. എന്നാൽ സസ്പെൻഡ് ചെയ്യാനുള്ള കാരണത്തെ കുറിച്ച് നോട്ടീസിൽ പറഞ്ഞിരുന്നില്ല. വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തിന് സസ്പെൻഷൻ നോട്ടീസ് ലഭിച്ചത്. നിർമല സീതാരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകിയതോടെ ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി)ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ബാലമുരുകൻ രാഷ്ട്രപതിക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പരാതി നൽകിയതിനെ തുടർന്ന് തമിഴ്നാട്ടിലെ രണ്ട് ദലിത് കർഷകർക്ക് ഇ.ഡി നോട്ടീസയച്ചതിന് പിന്നാലെയായിരുന്നു ബാലമുരുകൻ രാഷ്ട്രപതിക്ക് കത്തെഴുതിയത്.
ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്(ജി.എസ്.ടി)ഡെപ്യൂട്ടി കമ്മീഷണറാണ് ബാലമുരുകൻ. നിർമല സീതാരാമൻ ഇ.ഡിയെ ബി.ജെ.ഡിയുടെ പോളിസി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായി ഫലപ്രദമായി മാറ്റിയെടുത്തുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. ഈ സാഹചര്യത്തിൽ ധനകാര്യ മന്ത്രിയുടെ കസേരയിലിരിക്കാൻ അർഹതയില്ലാത്ത നിർമല സീതാരാമനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സേലത്തെ അത്തൂരിലാണ് 70 പിന്നിട്ട ദലിത് കർഷക സഹോദരൻമാരായ കന്നയ്യന്നും കൃഷ്ണനും താമസിക്കുന്നത്. 2023 ജൂലൈയിലാണ് ഇവർക്ക് ഇ.ഡിയുടെ സമൻസ് ലഭിച്ചത്. എന്നാൽ എന്തിനാണ് നോട്ടീസ് അയച്ചത് എന്ന കാര്യം വ്യക്തമല്ല. അവർക്ക് സ്വന്തം ഗ്രാമത്തിൽ ആറര ഏക്കർ കൃഷി ഭൂമി സ്വന്തമായുണ്ട്. മാസത്തിൽ ആയിരം രൂപ പെൻഷൻ വാങ്ങുന്ന ഈ കർഷകരെ ഇ.ഡി ലക്ഷ്യംവെക്കുകയാണെന്നാണ് ആരോപണമുയർന്നത്. സേലത്തെ ബി.ജെ.പി നേതാവായ ഗുണശേഖരന് എതിരെ ഇരുവരും ഭൂമിതർക്കം സംബന്ധിച്ച് പരാതി നൽകിയിരുന്നു. തങ്ങളുടെ ഭൂമി അനധികൃതമായി ഗുണശേഖരൻ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.
കർഷകർക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന് ജനുവരി നാലിന് ഇ.ഡി അറിയിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ബാലഗുരുകന്റെ ഭാര്യ പ്രവീണയായിരുന്നു കർഷകരുടെ അഭിഭാഷക. ഇ.ഡിയെ എങ്ങനെ ബി.ജെ.പിക്ക് ആയുധമാക്കി ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് കർഷകർക്കെതിരായ നടപടിയെന്ന് ബാലഗുരുകൻ കത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.