ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ പ്രതിമ ജന്മനാട്ടിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ബ്രിട്ടനിലെ കാംബർലി നഗരത്തിലെ പൂന്തോട്ടത്തിലാണ് പ്രതിമ സ്ഥാപിക്കുക. ഇതിന് കാംബർലി പ്രാദേശിക ഭരണാധികാരികളിൽനിന്ന് അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 1895ലാണ് പെന്നിക്വിക് മുല്ലപ്പെരിയാർ ഡാം നിർമിച്ചത്. തേനി സിറ്റി ബസ്സ്റ്റാൻഡിന് പെന്നിക്വിക്കിന്റെ പേരാണ് ഇട്ടിരിക്കുന്നത്. തേനി ലോവർ ക്യാമ്പിൽ പെന്നിക്വിക്കിന്റെ പ്രതിമയോടുകൂടിയ മണിമണ്ഡപവും നിർമിച്ചിട്ടുണ്ട്. ജലവിതാനം 152 അടിയായി ഉയർത്തുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും സ്റ്റാലിൻ അറിയിച്ചു.
ബ്രിട്ടീഷ് അധീനതയിലായിരുന്ന അന്നത്തെ മദ്രാസ് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വരൾച്ചയും ദാരിദ്ര്യവും പെന്നിക്വിക്കിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിനായി പെരിയാറിനു കുറുകെ ഡാം നിർമിക്കുകയെന്ന ആവശ്യവുമായി തിരുവിതാംകൂർ മഹാരാജാവിനെയും ബ്രിട്ടീഷ് ഭരണാധികാരികളെയും കണ്ട് കടുത്ത സമ്മർദം ചെലുത്തി. ഒരുഘട്ടത്തിൽ എസ്റ്റിമേറ്റ് തുക കൂടിയ നിലയിൽ പദ്ധതി ഉപേക്ഷിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചപ്പോൾ നാട്ടിലെ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കിയതായും പറയപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.