ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് നടിയും ബി.ജെ.പി സ്ഥാനാർഥിയുമായ ഖുഷ്ബു സുന്ദർ. ചെന്നൈയിലെ തൗസന്‍റ് ലൈറ്റ് മണ്ഡലത്തിൽനിന്നാണ് ഖുഷ്ബു ജനവിധി തേടുന്നത്.
പ്രചാരണത്തിനിടെ പടിഞ്ഞാറൻ മാട തെരുവിലെ വഴിയോര തട്ടുകടയിൽ കയറി ഖുഷ്ബുവിന്റെ പാചക വൈദഗ്ധ്യം തെളിയിക്കുകയായിരുന്നു. ഖുഷ്ബു ദോശ ചുടുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിൽ നിരവധി നേതാക്കളാണ് വ്യത്യസ്ത പ്രചാരണ തന്ത്രങ്ങളുമായി രംഗത്തെത്തുന്നത്. കുറച്ചുദിവസം മുമ്പ് നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്ഥാനാർഥി തങ്ക കതിരവൻ തുണി അലക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം എ.ഐ.ഡി.എം.കെ സ്ഥാനാർഥിയും മന്ത്രിയുമായ എസ്.പി. വേലുമണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗ അധ്യാപകൻ തലകുത്തിനിന്ന് കാർ കെട്ടിവലിച്ചത് വാർത്തയായിരുന്നു.
തഞ്ചാവൂർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത് തണ്ണിമത്തനും കൊണ്ടായിരുന്നു. തനിക്ക് തണ്ണിമത്തൻ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ നീക്കം.
ആലൻഗുളം മണ്ഡലത്തിലെ സ്ഥാനാർഥി ഹരി നാടാർ 4.25 കിലോ സ്വർണം ധരിച്ചുകൊണ്ടായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. ഏതു വിധേനയും വോട്ടർമാരെ സ്വാധീനിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണ് സ്ഥാനാർഥികൾ.
ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് ഫലമറിയാം. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.