ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറ മകൾ ചെന്താമര, മരുമകൻ ശബരീശൻ, കരൂരിലെ ഡി.എം.കെ സ്ഥാനാർഥി ശെന്തിൽ ബാലാജി, തിരുവണ്ണാമല എം.പി അണ്ണാദുരൈ തുടങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിെൻറ മിന്നൽ പരിശോധന. ചെന്നൈ നീലാങ്കരയിലെ ചെന്താമര, ശബരീശൻ എന്നിവരുടെ വസതികളിലാണ് പരിശോധന നടന്നത്. ശബരീശെൻറ സുഹൃത്തുക്കളായ കാർത്തിക്, ജി സ്ക്വയർ റിയൽ എസ്റ്റേറ്റ് സ്ഥാപന ഉടമയായ ബാല എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ചെന്നൈ അണ്ണാ നഗർ ഡി.എം.കെ സ്ഥാനാർഥി മോഹനെൻറ മകനാണ് കാർത്തിക്.
വെള്ളിയാഴ്ച രാവിലെ ഏഴിനാണ് 50ഒാളം ഉദ്യോഗസ്ഥർ അഞ്ചു കേന്ദ്രങ്ങളിലായി ഒരേസമയം പരിശോധനക്കെത്തിയത്. ഇതേസമയത്ത് തിരുവണ്ണാമല എം.പി അണ്ണാദുരൈയുടെ തേവനാംപട്ടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും കരൂർ ഡി.എം.കെ സ്ഥാനാർഥി ശെന്തിൽ ബാലാജിയുടെ രാമേശ്വരംപട്ടിയിലെ വസതിയിലും ഇദ്ദേഹത്തിെൻറ സഹോദരൻ രാമകൃഷ്ണാപുരത്തിലെ അശോക്കുമാറിെൻറ വീട്ടിലും ഡി.എം.കെ കരൂർ ടൗൺ സെക്രട്ടറി ശരവണെൻറ വീട്ടിലും റെയ്ഡ് നടന്നു.
ഇതിനുപുറമെ തഞ്ചാവൂർ നോർത്ത് പഞ്ചായത്ത് യൂനിയൻ ഡി.എം.കെ സെക്രട്ടറി മുരശൊലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡ് നടന്ന ഇടങ്ങളിൽ അർധ സൈനിക വിഭാഗങ്ങളുടെ കാവലും ഏർപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് എത്തിയ ഡി.എം.കെ പ്രവർത്തകർ അതാതിടങ്ങളിൽ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. വോെട്ടടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടക്കുന്ന റെയ്ഡുകൾ തടയണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ തമിഴ്നാട് ചീഫ് ഇലക്ഷൻ ഒാഫിസർ സത്യപ്രദ സാഹുവിന് പരാതി നൽകി. തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന ഇത്തരം റെയ്ഡുകളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമത്തിൽ ജയിലിൽ കഴിഞ്ഞവനാണ് താനെന്നും െഎ.ടി റെയ്ഡിനൊന്നും താൻ ഭയപ്പെടുന്നവനല്ലെന്നും കലൈജ്ഞറുടെ മകനാണ് താനെന്ന് മോദി ഒാർക്കുന്നത് നന്നായിരിക്കുമെന്നും സ്റ്റാലിൻ പ്രസ്താവിച്ചു. അണ്ണാ ഡി.എം.കെ നേതാക്കളെ റെയ്ഡ് നടത്തി ചൊൽപ്പടിക്ക് നിർത്തിയതുപോലെ ഡി.എം.കെയെ വരുതിയിലാക്കാനാവില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ സഖ്യകക്ഷി നേതാക്കളും റെയ്ഡിനെതിരെ ശക്തിയായി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.