ഇന്ത്യൻ ക്രിക്കറ്റ് ടീം ഡൽഹിയിൽ; പ്രധാനമന്ത്രിയെ കാണും, വിജയാഘോഷം മുംബൈയിൽ

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഡൽഹിയിലെത്തി. ബി.സി.സി.ഐയുടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് ടീം ഡൽഹിയിൽ മടങ്ങിയെത്തിയത്. ചുഴലിക്കാറ്റ് മൂലം ഫൈനൽ മത്സരം നടന്ന ബാർബഡോസിൽ ടീം നാല് ദിവസം കുടുങ്ങിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്ത് നിരവധി ആരാധകർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിന് പുറമേ ടീമംഗങ്ങൾ തങ്ങുന്ന ഹോട്ടലിലും ബി.സി.സി.ഐ ക്രിക്കറ്റ് താരങ്ങൾക്കായി സ്വീകരണം ഒരുക്കിയിട്ടുണ്ട്., ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായുള്ള പ്രഭാതഭക്ഷണമാണ് ടീം ഇന്ത്യയുടെ ആദ്യത്തെ പരിപാടി. അതിന് ശേഷം അവർ മുംബൈയിലേക്ക് പോകും. വൈകീട്ട് മുംബൈയിൽ റോഡ് ഷോയും ഉണ്ടാകും.

മുംബൈയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് വിജയാഘോഷത്തിലേക്ക് ആരാധകരെ ക്യാപ്റ്റൻ രോഹിത് ശർമ്മ ക്ഷണിച്ചിരുന്നു. മറൈൻ ഡ്രൈവിലെ വിക്ടറി പരേഡിലേക്കും തുടർന്ന് വാംഖണ്ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിലേക്കുമാണ് ആരാധകരെ ക്ഷണിച്ച് രോഹിത് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്.

വൈകീട്ട് നാലിനാണ് ട്രോഫിയുമായി താരങ്ങൾ മറൈൻ ഡ്രൈവിൽനിന്ന് വാംഖണ്ഡെ സ്റ്റേഡിയത്തിലേക്ക് റോ‍ഡ് ഷോ നടത്തുന്നത്. അതിനു ശേഷം ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടി സമ്മാനത്തുക ടീമിനു കൈമാറും. ‘ഈ അസുലഭ നിമിഷം നിങ്ങളോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ജൂലൈ നാലിന് വൈകീട്ട് അഞ്ചു മുതൽ മറൈൻ ഡ്രൈവിലെ വിക്ടറി പരേഡിലും തുടർന്ന് വാംഖണ്ഡെയിലും ഈ വിജയം ആഘോഷിക്കാം’ -രോഹിത് എക്സിൽ കുറിച്ചു.

ട്വന്‍റി20 ലോകകപ്പ് കിരീടം നേടിയ ടീമിനെ അനുമോദിക്കുന്ന ചടങ്ങിലേക്ക് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ആരാധകരെ എക്സിലൂടെ ക്ഷണിച്ചിട്ടുണ്ട്.

Tags:    
News Summary - Team India lands in Delhi after winning T20 World Cup, set to meet PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.