ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ ന്യൂനപക്ഷമായി ചുരുങ്ങിയ ശിവസേന ഉദ്ധവ് താക്കറെ പക്ഷം ലോക്സഭയിൽ പുതിയ ചീഫ് വിപ്പിനെ നിയോഗിച്ചു. എം.പിമാർക്കിടയിലും കൂറുമാറ്റ സാധ്യത മുന്നിൽകണ്ടാണ് നടപടി. ഭാവ്ന ഗവ്‍ലിയെ മാറ്റി രാജൻ വിജാരെയെ പുതിയ ചീഫ് വിപ്പായി നിയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് റാവത്ത് ലോക്സഭാ സ്പീക്കർക്ക് ബുധനാഴ്ച കത്തെഴുതി.
നിയമസഭയിലെ കലാപം എം.പിമാർക്കിടയിലേക്ക് കൂടി പടരുന്നത് സേനക്ക് വലിയ തിരിച്ചടിയാണ്. ലോക്സഭയിൽ 19 അംഗങ്ങളും രാജ്യസഭയിൽ മൂന്ന് അംഗങ്ങളും ശിവസേനക്കുണ്ട്.
ഏക്നാഥ് ഷിൻഡെയുടെ വിമത നീക്കം വഴി 55 എം.എൽ.എമാരിൽ നിന്ന് 40 പേരെയാണ് ഉദ്ധവ് താക്കറെക്ക് നഷ്ടമായത്. ഏക്നാഥ് ഷിൻഡെ ബി.ജെ.പിയുമായി കൈകോർത്തതോടെ കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ ഷിൻഡെ മുഖ്യമന്ത്രിയാവുകയും തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു.
തുടർന്ന് തങ്ങളാണ് യഥാർഥ ശിവസേനയെന്ന് ഷിൻഡെ പക്ഷം അവകാശ വാദം ഉന്നയിക്കുകയും സുപ്രീംകോടതിയിൽ പാർട്ടിയുടെ അവകാശത്തിനായി ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. ശിവസേനയുടെ പേരും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതുപയോഗിക്കാൻ അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെയും ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതേസമയം, താഴെക്കിടയിൽ പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണ തങ്ങൾക്കാണെന്നാണ് ഉദ്ധവ് പക്ഷം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.