മുംബൈ: ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ വാർഷികത്തിൽ മുംബൈയിൽ നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കുന്നത് തടയാൻ ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിനെ വീട്ടുതടങ്കലിലാക്കി. മുംബൈ ജുഹുവിലെ വീട്ടിനുമുന്നിൽ നിലയുറപ്പിച്ച 20ഓളം പൊലീസുകാർ തന്നെ പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും പൊലീസ് രാജാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നും ടീസ്റ്റ ട്വീറ്റ് ചെയ്തു.
1942ൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാർഷികത്തിൽ ‘ശാന്തി മാർച്ച്’ എന്നപേരിൽ ഗിർഗാവ് ചൗപ്പട്ടിയിൽ നിന്ന് ആഗസ്റ്റ് ക്രാന്തി മൈതാനിയിലേക്കായിരുന്നു ഇന്ന് ‘പീസ് മാർച്ച്’ സംഘടിപ്പിച്ചത്. ‘വെറുപ്പ് ഇന്ത്യ വിടുക, സ്നേഹത്തോടെ നമുക്ക് ഹൃദയങ്ങൾ ഒരുമിപ്പിക്കാം’ എന്നായിരുന്നു മാർച്ചിന്റെ മുദ്രാവാക്യം.
പരിപാടിയിൽ പങ്കെടുക്കാനിരുന്ന മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 99 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി ഡോ. ജിജി പരീഖിനെയും പൊലീസ് തടഞ്ഞതായി സംഘാടകർ അറിയിച്ചു.
‘ക്വിറ്റ് ഇന്ത്യാ ദിനം ആഘോഷിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ എന്നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. ചരിത്രത്തിൽ ഈ ദിവസം എന്റെ മുത്തശ്ശൻ ബാപ്പുവിനെയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഞാൻ അഭിമാനിക്കുന്നു’ -രാവിലെ 7 മണിക്ക് തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തു.
രാവിലെ 10 മണിയോടെ പൊലീസ് പുറത്തിറങ്ങാൻ അനുവദിച്ചിവെന്നും ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മുസ്‍ലിം ടാക്‌സി ഡ്രൈവറെ സമീപിച്ചപ്പോൾ അദ്ദേഹം പേടി മൂലം യാത്ര ചെയ്യാൻ വിസമ്മതിച്ചുവെന്നും തുഷാർ ഗാന്ധി വ്യക്തമാക്കി. ‘നമ്മുടെ സമൂഹത്തിൽ ഭയം വളരെ പ്രകടമാണ്. സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ നിന്ന് എന്നെ പോകാൻ അനുവദിച്ച ശേഷം ഞാൻ ഒരു റിക്ഷയിൽ കയറി. ബാന്ദ്രയിലെത്തിയപ്പോൾ പ്രായമായ മുസ്‍ലിം ടാക്സി ഡ്രൈവറോട് ആഗസ്ത് ക്രാന്തി മൈതാനത്തേക്ക് ട്രിപ് വിളിച്ചു. എന്നാൽ, അദ്ദേഹം പൊലീസ് കാർ കണ്ടതോടെ പരിഭ്രാന്തനായി. പോകാൻ കഴിയില്ലെന്ന് എന്നോട് പറഞ്ഞു. ഒരുപാട് നേരമെടുത്താണ് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ഇന്ന് നമ്മുടെ സമൂഹത്തെ ബാധിച്ച രോഗമാണിത്’ -തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.