കാമറെഡ്ഡി: ഹൈദരാബാദിൽനിന്ന് തെലങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിലേക്കെത്താൻ 100 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. അധികം ആഡംബരമൊന്നുമില്ലാത്ത സാധാരണ പ്രദേശം. പക്ഷേ, ഇത്തവണ തെലങ്കാന തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാണ് കാമറെഡ്ഡി. കാരണം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും (കെ.സി.ആർ) പ്രതിപക്ഷത്തെ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ എ. രേവന്ത് റെഡ്ഡിയും തമ്മിലുള്ള തീപാറും പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
മറ്റൊരു മണ്ഡലമായ കൊടങ്കലിൽനിന്നും രേവന്ത് റെഡ്ഡി ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ആഴ്ച റെഡ്ഡി കാമറെഡ്ഡിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുമ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒപ്പമുണ്ടായിരുന്നു. ഇവിടുത്തെ ബി.ജെ.പി സ്ഥാനാർഥി കെ. വെങ്കട രമണ റെഡ്ഡി കാര്യമായ ചലനമുണ്ടാക്കാനിടയില്ല.
ചന്ദ്രശേഖർ റാവു ഗജ് വേൽ മണ്ഡലത്തിൽനിന്ന് മൂന്നാം തവണയും ജനവിധി തേടുന്നുണ്ട്. കെ.സി.ആറിന്റെ സ്ഥാനാർഥിത്വത്തിൽ കാമറെഡ്ഡി മണ്ഡലം വലിയ ആവേശത്തിലാണെന്ന് ബി.ആർ.എസ് നേതാക്കൾ പറയുന്നു. കെ.സി.ആർ പത്രിക നൽകിയ ശേഷം നടന്ന പൊതുപരിപാടിയിലെ ആൾക്കൂട്ടവും അവരുടെ അച്ചടക്കത്തോടെയുള്ള പങ്കാളിത്തവും ഇതിന് തെളിവാണെന്നും അവർ അഭിപ്രായപ്പെട്ടു.
അഞ്ചു തവണ കാമറെഡ്ഡിയിൽ എം.എൽ.എ ആയിരുന്ന ഗംപ ഗോവർധനെ മാറ്റിയാണ് കെ.സി.ആർ മത്സരത്തിനെത്തിയത്. ഗോവർധനന്റെ നിർബന്ധം കൂടി പരിഗണിച്ചായിരുന്നു ഇതെന്നാണ് പാർട്ടി പറയുന്നത്. കാമറെഡ്ഡിയിൽ മൊത്തം 2,45,822 വോട്ടർമാരാണുള്ളത്.
ഒരുപാട് ‘ഗൾഫുകാരു’ള്ള, വികസനം കാര്യമായി എത്താത്ത മേഖലയാണിത്. ഗൾഫിൽ ജോലി സാധ്യത കുറഞ്ഞതോടെ ഇവിടെ തൊഴിലില്ലായ്മ കൂടി. കാർഷിക മേഖലയാണ്. നെല്ലും കരിമ്പും ചോളവും മഞ്ഞളുമൊക്കെയാണ് പ്രധാന കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.