ഹൈദരാബാദ്: തെലങ്കാനയിൽ കളത്തിലിറങ്ങിയ സ്ഥാനാർഥികളെ കാണുമ്പോൾ, എണ്ണാമെങ്കിൽ, എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ എന്ന പഴയ മുദ്രാവാക്യമാണ് ആദ്യം ഓർമവരുക. ഇവിടെ മത്സരിക്കുന്നവരിൽ കുടുംബാംഗങ്ങൾ കൂടുതലാണ്.
ബന്ധുക്കളെയും മക്കളെയും മത്സരത്തിനിറക്കുന്നതിൽ ഭരണപക്ഷമായ ബി.ആർ.എസും പ്രതിപക്ഷമായ കോൺഗ്രസുമാണ് മുന്നിൽ. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ കുടുംബ ഭരണമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അദ്ദേഹം ഗജ് വേൽ, കാമറെഡ്ഡി എന്നീ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.
മുഖ്യമന്ത്രിയുടെ മകനും ബി.ആർ.എസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവു സിർസില്ലയിൽ വീണ്ടും മത്സരിക്കുന്നു. ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനകാര്യ, ആരോഗ്യ മന്ത്രിയുമായ ടി.ഹരീഷ് റാവുവാകട്ടെ സിദ്ദിപെട്ടിലാണ് രണ്ടാമതും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഡോക്ടർമാരുടെയും നടൻമാരുടെയും മക്കൾ പിതാവിന്റെ പാത പിന്തുടരുന്നത് പോലെ നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ തെറ്റില്ലെന്നാണ് രാമറാവുവിന്റെ ന്യായീകരണം.
കോൺഗ്രസ് എം.പി എൻ. ഉത്തംകുമാർ ഹുസുർനഗറിലും ഭാര്യ പത്മാവതി കൊദദ് മണ്ഡലത്തിലും മത്സരിക്കുന്നു. സിറ്റിങ് എം.എൽ.എ ഹനുമന്ത റാവു ഹൈദരബാദിലെ മൽകജ്ഗിരിയിലാണെങ്കിൽ മകൻ രോഹിത് റാവു മേദകിൽ കന്നി മത്സരത്തിനാണ് ഇറങ്ങിയത്.
ഹനുമന്ത റാവു ബി.ആർ.എസിലായിരുന്നു. വീണ്ടും മത്സരിക്കാൻ പാർട്ടി അനുമതി നൽകിയതുമാണ്. എന്നാൽ, തനിക്കൊപ്പം മകനും കൂടി കോൺഗ്രസ് ടിക്കറ്റ് നൽകിയതോടെ അദ്ദേഹം ബി.ആർ.എസ് വിട്ടു. കോൺഗ്രസ് ലോക്സഭാംഗം കൊമടി റെഡ്ഡി വെങ്കട് റെഡ്ഡി നൽഗോണ്ഡയിലും സഹോദരൻ കൊമടി റെഡ്ഡി രാജ് ഗോപാൽ റെഡ്ഡി മുനുഗോഡിലുമാണ് ജനവിധി തേടുന്നത്. കോൺഗ്രസിലെ ജി.വിവേക് ചെന്നൂരിലും സഹോദരൻ ജി. വിനോദ് ബെല്ലാംപല്ലെയിലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.