ഹൈദരാബാദ്: തെലങ്കാന പ്രോടേം സ്പീക്കറായി മുതിർന്ന എം.എൽ.എ അക്ബറുദ്ദീൻ ഉവൈസിയെ നിയമിച്ചതിനെതിരെ വിമർശനവുമായി തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എമാർ. ബി.ജെ.പിയുടെ എട്ട് എം.എൽ.എമാർ ഇന്ന് നിയമസഭയിൽ ഹാജരായിട്ടില്ല.
അക്ബറുദ്ദീൻ ഉവൈസിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബി.ജെ.പി എം.എൽ.എ രാജാ സിങ് അറിയിച്ചു. താനും മറ്റ് ബി.ജെ.പി എം.എൽ.എമാരും എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഉവൈസിയുടെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് രാജാ സിങ് അറിയിച്ചു.
തെലങ്കാനയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സർക്കാർ ഉത്തരവിൽ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി നിയമസഭയുടെ പ്രോടേം സ്പീക്കറായി അക്ബറുദ്ദീൻ ഉവൈസി ഇന്ന് രാവിലെ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, സ്ഥിരം സ്പീക്കറെ തെരഞ്ഞെടുത്തിട്ട് മതി എം.എൽ.എമാരുടെ സത്യപ്രതിജ്ഞ എന്നാണ് ബി.ജെ.പി നിലപാട്.
താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എ.ഐ.എം.ഐ.എമ്മിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജാ സിങ് പറഞ്ഞു. മുമ്പ് ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഒരു വ്യക്തിയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴയില്ലെന്നാണ് ബി.ജെ.പി എം.എൽ.എയുടെ വാദം. 2018ലും എ.ഐ.എം.ഐ.എം പ്രോടേം സ്പീക്കർക്ക് മുന്നിൽ താൻ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്തുവന്നെന്നും ബി.ആർ.എസും എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും തമ്മിൽ മൗനധാരണയുണ്ടെന്ന് രേവന്ത് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും തമ്മിൽ എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.
പ്രോടേം സ്പീക്കറായി നിയോഗിക്കാമായിരുന്ന നിരവധി മുതിർന്ന എം.എൽ.എമാരുണ്ടെന്നും എന്നാൽ, രേവന്ത് റെഡ്ഡി ന്യൂനപക്ഷങ്ങളെയും എ.ഐ.എം.ഐ.എം നേതാക്കളെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും രാജ സിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.