ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തിൽ ആരോപണശരങ്ങൾ ഏറ്റുവാങ്ങിയ പൊലീസ് മുഖം രക്ഷിക്കാനുള്ള ശ്രമത്തിൽ. സംസ്ഥാനത്ത് ഉയർന്ന കടുത്ത പ്രതിഷേധങ്ങൾക്കിടെ, സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനു മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. രവികുമാർ, കോൺസ്റ്റബിൾമാരായ പി. വേണുഗോപാല റെഡ്ഡി, സത്യനാരായണ ഗൗഡ എന്നിവരാണ് സസ്പെൻഷനിലായത്.
അതിനിടെ, കേസിൽ വിചാരണ വേഗത്തിലാക്കാൻ അതിവേഗ കോടതി സ്ഥാപിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉത്തരവിട്ടു. ദാരുണമായ കൊലപാതകത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം യുവതിയുടെ കുടുംബത്തിന് സർക്കാർ ആവശ്യമായ സഹായം നൽകുമെന്നും കൂട്ടിച്ചേർത്തു. സംഭവത്തിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
യുവതിയെ കാണാതായ ഉടൻ പരാതി നൽകാൻ ശ്രമിച്ചപ്പോൾ തങ്ങളുടെ പരിധിയിലല്ലെന്ന് പറഞ്ഞ് പൊലീസ് തട്ടിക്കളിച്ചെന്ന ബന്ധുക്കളുടെ ആരോപണവും തുടർന്നുണ്ടായ പ്രതിഷേധവും മുൻനിർത്തി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടിയെന്ന് ഹൈദരാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനാർ പറഞ്ഞു. ഗൗരവമേറിയ പരാതികളിൽ അധികാര പരിധി നോക്കാതെ ഉടൻ കേസ് രജിസ്റ്റർ ചെയ്യാൻ എല്ലാ പൊലീസ് ഓഫിർമാർക്കും നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവ സ്ഥലം സന്ദർശിച്ച ദേശീയ വനിത കമീഷൻ പൊലീസിന് വീഴ്ച സംഭവിച്ചതായി പറഞ്ഞു. കമീഷൻ അയച്ച വസ്തുതാന്വേഷണ സംഘത്തിെൻറ റിപ്പോർട്ടിലാണ് കേസെടുക്കാൻ വൈകിയതായി ആരോപിച്ചത്. പൊലീസിെൻറ സമീപനം നിഷേധാത്മകമായിരുെന്നന്ന് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ പറഞ്ഞെന്ന് വനിത കമീഷൻ അധ്യക്ഷ രേഖശർമ വിശദീകരിച്ചു. യുവതി ഒളിച്ചോടിയതാകാമെന്ന് പൊലീസ് പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ജനം ഞായറാഴ്ചയും പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ എത്തിയ രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.
പ്രതികൾക്ക് നിയമസഹായം നൽകേണ്ടതില്ലെന്ന് തെലങ്കാന ജില്ല ബാർ അസോസിയേഷൻ തീരുമാനിച്ചു. പ്രതികളുടേത് മനുഷ്യത്വരഹിതവും ക്രൂരവുമായ ചെയ്തിയാണ്. തങ്ങൾക്ക് ധാർമികവും സാമൂഹികവുമായ ബാധ്യതകളുണ്ടെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് രംഗ റെഡ്ഡി പറഞ്ഞു. എന്നാൽ, കോടതിക്ക് നിയമസഹായ വേദികളെ ചുമതലപ്പെടുത്താമെന്നും അതു തങ്ങൾ നിരസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, പ്രതികൾക്ക് കുപ്പിയിൽ പെട്രോൾ നൽകിയ പമ്പ് ജീവനക്കാർക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. പ്രതികൾ ആദ്യം സമീപിച്ച പമ്പിൽനിന്ന് പെട്രോൾ നൽകിയില്ല. തുടർന്ന് മറ്റൊരു പമ്പിൽനിന്നാണ് മൃതദേഹം കത്തിക്കുന്നതിന് പെട്രോൾ വാങ്ങിയത്. തോണ്ടപ്പള്ളി ടോൾ പ്ലാസക്ക് സമീപം നവംബർ 27നാണ് വെറ്ററിനറി ഡോക്ടറായ യുവതിയെ ലോറി ജീവനക്കാരായ നാലംഗ സംഘം ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പിടിയിലായ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ക്രൂരത കാട്ടിയ മകന് തക്കതായ ശിക്ഷ നൽകണമെന്ന് പ്രതിയായ ലോറി ഡ്രൈവർ ആരിഫിെൻറ പിതാവ് മുഹമ്മദ് ഹുസൈൻ പറഞ്ഞു. മകൻ കുറ്റവാളിയാണെങ്കിൽ അവനെ കത്തിച്ചു കളയണമെന്ന് മറ്റൊരു പ്രതിയുടെ മാതാവും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.