ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ അറസ്റ്റിലായ ശേഷം പൊലീസ് വെടിവെച്ചുകൊന്ന നാലു പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് തെലങ്കാനയിൽ ൈഹകോടതി. നിയമവ്യവസ്ഥയെ മറികടന്നുകൊണ്ടുള്ള കൊലപാതകമാണെന്ന് ആരോപിച്ച് പൊതുതാൽപര്യ ഹരജികൾ വന്നതിനെത്തുടർന്ന് കോടതി നിർദേശപ്രകാരം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങൾ.
ഡൽഹി ‘എയിംസ്’ ആശുപത്രിയിൽ നിന്നുള്ള വിദഗ്ധരെ കൊണ്ട് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യിക്കണമെന്നാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആർ.എസ്. ചൗഹാൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനായി മൂന്നു ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന സമിതി രൂപവത്കരിക്കാൻ എയിംസ് ഡയറക്ടർക്ക് അപേക്ഷ നൽകണമെന്ന് തെലങ്കാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.
ഡിസംബർ 23ന് മുമ്പായി രണ്ടാം പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് പറഞ്ഞ കോടതി, ഇതിെൻറ റിേപ്പാർട്ട് ഹൈകോടതി രജിസ്ട്രാർ ജനറലിന് സമർപ്പിക്കണമെന്നും നിർദേശിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകണം. പരിശോധന വഴി ശേഖരിക്കുന്ന തെളിവുകൾെവച്ച് സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തണമെന്നും ഡോക്ടർമാരോട് നിർദേശിച്ചു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളെല്ലാം ഏറ്റെടുക്കണമെന്ന്, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ തെലങ്കാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസമിതിയോട് കോടതി നിർദേശിച്ചു. സുപ്രീം കോടതി രൂപവത്കരിച്ച കമീഷൻ മുമ്പാകെ ആവശ്യം വരുേമ്പാൾ ഈ തെളിവുകൾ ഹാജരാക്കണം.
അതേസമയം, കൊല്ലപ്പെട്ട നാലു പ്രതികളുടെയും മൃതദേഹങ്ങൾ സുപ്രീംകോടതി നിഷ്കർഷിക്കുന്ന മാനദണ്ഡം അനുസരിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയതാണെന്നും അതുകൊണ്ട് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യേണ്ട കാര്യമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിെൻറ വാദം. എന്നാൽ, വീണ്ടും പോസ്റ്റ്‌മോർട്ടം നിർദേശം വന്നാൽ കൈകാര്യം ചെയ്യാൻ വേണ്ടി മൃതദേഹങ്ങൾ സൂക്ഷിച്ചുവെക്കാൻ ഹൈകോടതി നേരത്തെ നിർദേശിച്ചിരുന്നുവെന്നും ഇത് സുപ്രീംകോടതി അംഗീകരിച്ചതാണെന്നും കേസിലെ അമിക്കസ് ക്യൂറി ഡി. പ്രകാശ് റെഡ്ഡി ബോധിപ്പിച്ചു.
വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സാഹചര്യം അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗസമിതിയെ നിയോഗിച്ച് സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഈ സമതി ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ നവംബർ 29നാണ്, ഹൈദരാബാദിൽ 25കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവം ഉണ്ടായത്്. രാജ്യത്തെ നടുക്കിയ സംഭവത്തിൽ പിറ്റേന്നു തന്നെ പ്രതികൾ അറസ്റ്റിലായിരുന്നു. എന്നാൽ, ഡിസംബർ ആറിനാണ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നത്. അന്വേഷണത്തിെൻറ ഭാഗമായി പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ പൊലീസിൽനിന്ന് ആയുധം തട്ടിപ്പറിച്ച് ആക്രമിക്കാൻ ശ്രമിച്ച നാലുപേരെയും വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം.
വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജികളെ തുടർന്ന് നാല് പ്രതികളുടെയും മൃതദേഹങ്ങൾ ഹൈകോടതി ഉത്തരവനുസരിച്ച് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ നേരത്തേ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.