ഹൈദരാബാദ്: ഗർഭിണിയായ 21കാരിയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്ന നല്‍ഗോണ്ടയിലെ ദുരഭിമാനക്കൊലയില്‍ ഏഴ് പേർ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി അന്വേഷണ സംഘം. ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ബിഹാറിലെ സംഘത്തിന് ക്വട്ടേഷൻ നൽകിയത്. 18 ലക്ഷം രൂപ മുന്‍കൂറായി നല്കി. ഇത് കൂടാതെ സംഘത്തിന് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് കരുതുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കൊല്ലപ്പെട്ട പ്രണയ്കുമാറിെൻറ (23) ഭാര്യ അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവന് ശ്രാവണ്‍, ക്വട്ടേഷന്‍ സംഘം എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. കൊലപാതക ശേഷം ഒളിവിലായിരുന്നു ഇവര്‍.
പിതാവിനെയും അമ്മാവനെയും സംശയിക്കുന്നതായി അമൃത മൊഴി നൽകിയിരുന്നു. സ്കൂൾ കാലംമുതൽ പ്രണയത്തിലായ ദലിത് വിഭാഗക്കാരനായ പ്രണയ്കുമാറിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള വൈരമാണ് കൊലക്ക് കാരണമെന്ന് മാരുതി റാവു പൊലീസിനോട് സമ്മതിച്ചിരുന്നു. ഇവർ അടുപ്പത്തിലാണെന്ന് അറിഞ്ഞതു മുതല്‍ ഇയാള്‍ പലതവണ പ്രണയ്കുമാറിനെ ഭീഷണിപ്പെടുത്തി.
എന്നാല്‍, ഭീഷണികളും എതിര്‍പ്പുകളും മറികടന്നായിരുന്നു എട്ടുമാസം മുമ്പത്തെ വിവാഹം. ഇതിനു പിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ മാരുതി റാവു പദ്ധതി തയാറാക്കിയത്. രണ്ടുമാസത്തെ തയാറെടുപ്പിനു ശേഷമാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ കൊന്നത്.
മൂന്നുമാസം ഗര്‍ഭിണിയാണ് അമൃത. ആശുപത്രിയിലെത്തി പരിശോധന കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് പ്രണയ്കുമാറിന് വെേട്ടറ്റത്. ദമ്പതികളെ പിന്തുടർന്ന അക്രമി വടിവാളുകൊണ്ടാണ് വെട്ടിയത്. ഇൗ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.