ഹൈദരാബാദ്: തെലങ്കാനയിൽ പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്)യിൽനിന്ന് കൂടുതൽ എം.എൽ.എമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ഇവർ കോൺഗ്രസിൽ ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. ഖൈറത്താബാദിലെ ബി.ആർ.എസ് എം.എൽ.എ ദനം നാഗേന്ദറും ബി.ആർ.എസ് എം.പി രഞ്ജിത്ത് റെഡ്ഡിയും കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.
‘എം.എൽ.എമാരായ സബിത ഇന്ദ്ര റെഡ്ഡിയും പ്രകാശ് ഗൗഡും തീർച്ചയായും കോൺഗ്രസിൽ ചേരും. പ്രതിപക്ഷ എം.എൽ.എമാരെ സ്വീകരിക്കുംമുമ്പ് സർക്കാർ നൂറു ദിവസം തികയ്ക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ. അതിനുശേഷം ആരൊക്കെ കോൺഗ്രസിലെത്തുമെന്ന് നമുക്ക് കാണാം. ലോക്സഭ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കാനായിരുന്നു ആദ്യം ഞങ്ങളുടെ പദ്ധതി. എന്നാൽ, പാർട്ടിയിലേക്ക് വരുന്നവരെ വൈകാതെ സ്വീകരിക്കാനാണ് ഇപ്പോൾ ഞങ്ങളുടെ തീരുമാനം’ -സംസ്ഥാനത്തെ ഒരു ഉന്നത കോൺഗ്രസ് നേതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ദനം നാഗേന്ദറിനെ കൂടാതെ ബി.ആർ.എസിന്റെ മുതിർന്ന നേതാക്കന്മാർ പലരും മറുകണ്ടം ചാടാൻ ഒരുങ്ങിനിൽപാണ്. എം.എൽ.എയും മുൻ മന്ത്രിയുമായ തലസാനി ശ്രീനിവാസ് ഉൾപെടെയുള്ളവർ കോൺഗ്രസിൽ ചേരാനുള്ള ആഗ്രഹത്തിലാണ്. എന്നാൽ, തെരഞ്ഞെടുപ്പുകാലത്ത് ജാഗ്രതയോടെയാണ് കോൺഗ്രസ് ഇതിനെ സമീപിക്കുന്നത്. ‘ഇലക്ഷനു മുമ്പ് മോശം പ്രതിച്ഛായ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ, അഞ്ചോ ആറോ എം.എൽ.എമാർ അടുത്ത ആഴ്ചകൾക്കുള്ളിൽ പാർട്ടിക്കൊപ്പം ചേരും’ -തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുതിർന്ന അംഗങ്ങളിലൊരാൾ പറഞ്ഞു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മെഡ്ചാൽ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയുമായ മല്ല റെഡ്ഡിയുടെ പേർ ഉയർന്നുകേൾക്കുന്നുണ്ട്. കോൺഗ്രസിന്റെ സമുന്നത നേതാക്കന്മാരുമായി കൂടുമാറ്റം സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും പാർട്ടി പ്രവേശനം ഇതുവരെ യാഥാർഥ്യമായില്ല. നിലവിലെ മുഖ്യമന്ത്രിയും ടി.പി.സി.സി പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയെ മുമ്പ് വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കോൺഗ്രസ് പ്രവേശനത്തിനുമുന്നിൽ മല്ലയ്യക്ക് വിലങ്ങുതടിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.