ഹൈദരാബാദ്: 2016 ജനുവരിയിൽ ആത്മഹത്യ ചെയ്‌ത ഹൈദരാബാദ് സർവകലാശാല പി.എച്ച്.ഡി വിദ്യാർഥി രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്.
രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന വ്യക്തിയല്ലെന്നും തന്റെ "യഥാർഥ ജാതി ഐഡന്റിറ്റി" കണ്ടെത്തുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തുവെന്ന് അനുമാനിക്കുന്നതായും രോഹിത്തിന്റെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും പൊലീസ് റിപോർട്ടിൽ പറയുന്നു.
വൈസ് ചാൻസലർ അപ്പ റാവു ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണനേതൃത്വത്തെയും ബി.ജെ.പി നേതാക്കളെയും വെറുതെവിട്ടുവെന്നും റിപോർട്ടിൽ വ്യക്തമാക്കി. മികച്ച അക്കാദമിക് പ്രകടനം ഉണ്ടായിരുന്നിട്ടും, പഠനത്തേക്കാൾ കാമ്പസിലെ വിദ്യാർഥി രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതൽ ഇടപെട്ടതായി ചൂണ്ടികാട്ടി റിപോർട്ടിൽ രോഹിത്തിനെ കുറ്റപ്പെടുത്തുന്നുണ്ട്.
രോഹിത് സർവകലാശാലയിൽ താൻ നേരിട്ടിരുന്ന ദലിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ചെയ്തത്. രോഹിത് അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിതിന്റെ ആത്മഹത്യ. രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തി. രോഹിത് വെമുലയുടെ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.